ഗംഭീര്‍ അടിച്ചു കൂട്ടിയത് 150 റണ്‍സ്; കോഹ്‌ലി 107 റണ്‍സും: എന്നിട്ടും മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വാങ്ങാതെ അന്ന് ഗംഭീര്‍ പറഞ്ഞു; ആ പുരസ്‌കാരം കോഹ്‌ലിക്കു കൊടുത്തേക്കൂ

single-img
6 December 2018

കളിക്കളത്തില്‍ ആക്രമണോത്സുകത പ്രകടപ്പിക്കുമെങ്കിലും തികഞ്ഞ മാന്യനായിരുന്നു ഗംഭീര്‍. പരിഭവങ്ങളില്ലാത്തവന്‍. ആളും ആരവങ്ങളുമില്ലാതെ അര്‍ഹിക്കുന്ന അതിഗംഭീരമായ യാത്രയയപ്പ് ഇല്ലാതെ ക്രിക്കറ്റിലെ ആ മനോഹര ഇന്നിംഗ്ങ്ങിസിന് അവസാനമാകുകയാണ്.

കൊല്‍ക്കത്തയുടെ ഈഡന്‍ ഗാര്‍ഡനില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം വിരാട് കോഹ്‌ലിക്കു സമ്മാനിക്കാന്‍ പറഞ്ഞ ഗൗതം ഗംഭീറിനെ മറക്കാന്‍ ക്രിക്കറ്റ് ലോകത്തിനു കഴിയില്ല. 2009 ഡീസംബര്‍ 24 ന് ശ്രീലയ്‌ക്കെതിരെയുളള മത്സരമായിരുന്നു വേദി. 316 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയാണ് ഇന്ത്യ.

സെവാഗും സച്ചിനും ആദ്യം തന്നെ കൂടാരം കയറി. ഇന്ത്യ തോല്‍വി മണത്തു തുടങ്ങി. മൂന്നാം വിക്കറ്റില്‍ ഒരു അത്ഭുതം നടന്നു. കോഹ്‌ലിയും ഗംഭീറും കൈ കോര്‍ത്തു. 224 റണ്‍സിന്റെ കൂട്ടുകെട്ട്. ഗംഭീര്‍ അടിച്ചു കൂട്ടിയത് 150 റണ്‍സ്. കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ചുറി 107 റണ്‍സ്. ഇന്ത്യ 48.1 ഓവറില്‍ വിജയം ആഘോഷിച്ചു.

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് ഗംഭീറിനെയായിരുന്നു എന്നാല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഗംഭീര്‍ ആ പുരസ്‌കാരം ഏറ്റുവാങ്ങിയില്ല. ആദ്യ സെഞ്ചുറി നേടിയ കോഹ്‌ലിക്ക് പുരസ്‌കാരം നല്‍കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടു. വിരാടിന്റെ ബാറ്റിങ്ങ് രീതിയാണ് തനിക്ക് സമര്‍ദ്ദമില്ലാതെ കളിക്കാന്‍ വഴി ഒരുക്കിയെന്നായിരുന്നു ഗംഭീറിന്റെ ന്യായം.

കണ്ടു നിന്നവരെല്ലാം ഒരു നിമിഷമൊന്ന് അമ്പരന്നു. പിന്നീട് ഗംഭീറിന്റെ മാന്യതയ്ക്കും കോഹ്ലിയുടെ നേട്ടത്തിനും അവര്‍ കയ്യടിച്ചു. തുടക്കകാരന്റെ അദ്ധ്വാനത്തിന് അന്ന് വിലയുണ്ടായി. 21 വയസ് മാത്രമേ വിരാടിന് അന്ന് പ്രായമുണ്ടായിരുന്നുളളു.

പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം കോഹ്‌ലിയുമായി കളിക്കളത്തില്‍ ഏറ്റുമുട്ടുന്ന ഗംഭീറിനെയും കണ്ടു. കൊല്‍ക്കത്തയുടെ നായകനായ ഗംഭീറും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായകനായ കോഹ്!ലിയും മൈതാനത്ത് ഏറ്റുമുട്ടുന്ന കാഴ്ച സങ്കടകരമായിരുന്നു താനും. ഗംഭീറിന് ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴി തെളിക്കുന്നതിന് വരെ ആ സംഭവം കാരണമായെന്ന് വിലയിരുത്തുന്നവര്‍ വരെയുണ്ട്.