എച്ച്‌ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ 32 ഏക്കര്‍ തടാകം വറ്റിച്ചു

single-img
6 December 2018

എച്ച്‌ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലെ തടാകമാണ് വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. 32 ഏക്കര്‍ വിസ്തൃതിയുള്ള തടാകമാണ് വറ്റിച്ചത്.

എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ മാസം 29നാണ് തടാകത്തില്‍നിന്നു കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണു നാട്ടുകാര്‍ വാദിച്ചത്.

എച്ച്‌ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടും വിശ്വസിക്കാന്‍ ഇവര്‍ തയാറായില്ല. ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല. കുടിക്കാനും ജലസേചനത്തിനും ഉള്‍പ്പെടെ കുറഞ്ഞതു 15,000 പേര്‍ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, മേഖലയിലെ മാലപ്രഭ കനാലില്‍ നിന്നു ശുദ്ധജലമെത്തിച്ചു തടാകം നിറയ്ക്കണമെന്നു ഗ്രാമവാസികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു കുട്ടി മുങ്ങി മരിച്ചെങ്കിലും ഇത്തരം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അതേസമയം, സമാന സംഭവം ജില്ലയിലെ നാവഹള്ളി ഗ്രാമത്തില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ദലിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5 ഏക്കര്‍ തടാകം വറ്റിച്ചാണു വേറെ ജലം നിറച്ചത്. എച്ച്‌ഐവി വൈറസിന് 25 ഡിഗ്രി സെലിഷ്യസ് താപനിലയ്ക്കു മുകളില്‍ എട്ടു മണിക്കൂറിലധികം വെള്ളത്തില്‍ അതിജീവിക്കില്ലെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.