കണ്ണൂര്‍ കൂട്ടബലാത്സംഗം; പിതാവും ഡിവൈഎഫ്‌ഐ നേതാവുമടക്കം 7 പേര്‍ കൂടി അറസ്റ്റില്‍

single-img
6 December 2018

പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഏഴ് പേര്‍ കൂടി അറസ്റ്റില്‍. ഡി വൈ എഫ് ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

കേസില്‍ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ പീഡനം നടന്ന ലോഡ്ജിലേക്ക് യുവജനങ്ങള്‍ നടത്തിയ മാര്‍ച്ചിലും ഡി വൈ എഫ് ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ പങ്കെടുത്തിരുന്നു. അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു.

പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.