സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ എന്തധികാരം; ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്: കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

single-img
6 December 2018

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അതേസമയം കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.

സുരേന്ദ്രന്റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ട്. എട്ട് വാറന്റുകള്‍ സുരേന്ദ്രന്റെ പേരില്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു.

എന്നാല്‍ ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.