ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചും വരില്ല; ഇത്തവണ ഐപിഎല്ലിന് താരപ്പകിട്ട് കുറഞ്ഞേക്കും

single-img
6 December 2018

ലോകകപ്പ് അടുത്തുവരുന്നതിനാല്‍ ഇത്തവണ ഐപിഎല്ലിന് താരപ്പകിട്ട് കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ഇത്തവണ ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇരുവരെയും ഡിസംബര്‍ 18ന് നടക്കാന്‍ പോകുന്ന താരലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വെറ്ററന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഒരുകോടി അടിസ്ഥാന വിലയിലാണ് ഇത്തവണ താരലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും ഒരു കോടിയാണ് അടിസ്ഥാനവില.

കഴിഞ്ഞ വര്‍ഷം 11.5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയ ജയദേവ് ഉനാദ്ഘട്ടിനെ ഇത്തവണ ടീം കൈവിട്ടിരുന്നു. ഇതോടെ 1.5 കോടി അടിസ്ഥാനവിലയില്‍ ഉനാദ്ഘട്ടും ലേല പട്ടികയില്‍ ഉള്‍പ്പെട്ടു. കോറി ആന്‍ഡേഴ്‌സണ്‍, കോളിന്‍ ഇന്‍ഗ്രാം, ലസിത് മലിംഗ, ഷോണ്‍ മാര്‍ഷ്, ആഞ്ചലോ മാത്യൂസ്, ബ്രണ്ടന്‍ മക്കല്ലം, ഡാര്‍സി ഷോര്‍ട്ട് എന്നീ വിദേശ താരങ്ങളും ലേലത്തിലുണ്ട്. ഇവര്‍ക്കെല്ലാം രണ്ടു കോടിയാണ് അടിസ്ഥാനവില.