വിദേശ പിച്ചുകളില്‍ ഇന്ത്യ വീണ്ടും കടലാസുപുലികള്‍: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങിയത് പൂജാര മാത്രം; 16ാം സെഞ്ചുറി: രോഹിത് ശര്‍മ്മയ്ക്ക് നേരെ ആരാധകരുടെ പ്രതിഷേധം

single-img
6 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചേതേശ്വര്‍ പുജാരയ്ക്കു സെഞ്ചുറി. 231 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര ടെസ്റ്റിലെ 16ാം സെഞ്ചുറി സ്വന്തമാക്കിയത്. ഓസീസിനെതിരേ മൂന്നാമത്തേ സെഞ്ചുറിയാണ് പൂജരയുടേത്. ഇതിനിടെ ടെസ്റ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലും പുജാര പിന്നിട്ടു. 108 ഇന്നിംഗ്‌സുകളില്‍നിന്നാണ് പുജാരയുടെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന 12മത് ഇന്ത്യന്‍ ബാറ്റ്‌സ്മാനാണു പുജാര.

അതിനിടെ, 246 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 123 റണ്‍സെടുത്ത പൂജാര പാറ്റ് കമ്മിന്‍സിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായതിനു പിന്നാലെ ആദ്യ ദിനത്തിലെ പോരാട്ടത്തിന് വിരാമം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മുഹമ്മദ് ഷമി ആറു റണ്‍സുമായി ക്രീസിലുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മുതലേ അടിപതറുകയായിരുന്നു. പൃഥ്വി ഷായ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് അവസരം ലഭിച്ച ലോകേഷ് രാഹുല്‍–മുരളി വിജയ് കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞ കാഴ്ചയോടെയാണ് മല്‍സരത്തിനു തുടക്കമായത്. ലോകേഷ് രാഹുല്‍ തകര്‍ച്ചയ്ക്കു തുടക്കമിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് വെറും മൂന്നു റണ്‍സ്.

ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ചു സമ്മാനിച്ചു മടങ്ങുമ്പോള്‍ എട്ടു പന്തില്‍ രണ്ടു റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. അടുത്തത്, 22 പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്തു മടക്കി.

സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു. 16 പന്തില്‍ മൂന്നു റണ്‍സെടുത്ത കോഹ്ലിയെ കമ്മിന്‍സിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജ ക്യാച്ചെടുത്തു പുറത്താക്കി. നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെ–ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അനാവശ്യ ഷോട്ടിനു ശ്രമിച്ച് രഹാനെയും മടങ്ങി.

31 പന്തില്‍ ഒരു സിക്‌സ് സഹിതം 13 റണ്‍സെടുത്ത രഹാനെയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോംബ് ക്യാച്ചെടുത്താണ് മടക്കിയത്. പിന്നീട് രോഹിത് ശര്‍മ (37), ഋഷഭ് പന്ത് (25), രവിചന്ദ്രന്‍ അശ്വിന്‍ (25), ഇഷാന്ത് ശര്‍മ (നാല്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.

അതേസമയം ഹനുമ വിഹാരിയെ മറികടന്ന് രോഹിത് ശര്‍മയ്ക്കു ടീമില്‍ സ്ഥാനം നല്‍കാനാണ് നായകന്‍ വിരാട് കോഹ്ലി തീരുമാനിച്ചത്. നായകന്റെ തീരുമാനം ശരിവച്ച് രോഹിത് മികച്ച രീതിയില്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ 59 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടി നില്‍ക്കവെ നഥാന്‍ ലിയോണിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച രോഹിത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

രോഹിതിന്റെ സ്വീപ്പ് ഷോട്ട് ബൗണ്ടറി ലൈനലില്‍ മാര്‍ക്വസ് ഹാരിസ് പന്ത് പിടിച്ചു. എന്നാല്‍ കാല്‍ ബൗണ്ടറി ലൈനിനു പുറത്തുപോയി. ഉടന്‍തന്നെ ഹാരിസ് പന്ത് അകത്തേക്ക് എറിഞ്ഞെങ്കിലും കാല്‍ ലൈനിനു പുറത്തു മുട്ടിയതിനാല്‍ അമ്പയര്‍ സിക്‌സ് അനുവദിച്ചു.

ഇതില്‍നിന്ന് പഠിക്കാന്‍ തയാറാകാതെ രോഹിത് തൊട്ടടുത്ത പന്തിലും സമാന ഷോട്ടിനു ശ്രമിച്ചു. ടൈമിംഗ് പിഴച്ച പന്ത് ഹാരിസിന്റെ കൈയില്‍ ഒതുങ്ങി. 61 പന്തില്‍നിന്ന് മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 37 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം.
ഇന്ത്യ തകര്‍ച്ചയെ നേരിടവെ വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ കഴിയാത്ത രോഹിതിന്റെ സമീപനം ടെസ്റ്റ് ക്രിക്കറ്റിനു ചേര്‍ന്നതല്ലെന്ന് വിമര്‍ശകര്‍ കരുതുന്നു.