വിമാനങ്ങള്‍ കൂട്ടിയിടിച്ച് പസഫിക് സമുദ്രത്തില്‍ വീണു

single-img
6 December 2018

ജപ്പാന്‍ തീരത്ത് നിന്ന് പറന്നുയര്‍ന്ന രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് യു.എസ് സേനാംഗങ്ങളെ കാണാതായി. എഫ്18 യുദ്ധ വിമാനവും സി 130 ടാങ്കര്‍ വിമാനവുമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് ജപ്പാന്‍ തീരത്തു നിന്ന് 200 മൈല്‍ അകലെയാണ് അപകടമുണ്ടായത്.

പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. ഹിരോഷിമക്കടുത്ത് ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ജപ്പാന്‍ അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്.

അപകടത്തില്‍ പെട്ട ഒരു സൈനികനെ രക്ഷിക്കാനായിട്ടുണ്ട്. എഫ്/എ18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. ജപ്പാന്റെ നാലു ഹെലികോപ്റ്ററുകളും മൂന്ന് കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും യു.എസ് സൈന്യം അറിയിച്ചു. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ18 യുദ്ധവിമാനം ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.