ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിക്കു ചോറു വാരിക്കൊടുക്കുന്ന കൂട്ടുകാരന്‍: ഏറ്റുമാനൂര്‍ ഗവ.എല്‍പി സ്‌കൂളിലെ ‘നന്മ ചിത്രം’ വൈറല്‍

single-img
6 December 2018

ഏറ്റുമാനൂര്‍, കാട്ടാത്തി, ആര്‍എസ്ഡബ്ലു ഗവ.എല്‍പി സ്‌കൂളിലെ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിദ്യാര്‍ഥികളായ നോയലും അഭിനന്ദുമാണ് ഈ ഫോട്ടോയിലുള്ളത്. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചു.

ഇതോടെ നോയല്‍ കുട്ടുകാരനു ചോറു വാരിക്കൊടുത്തു. അഭിനന്ദിന്റെ വയര്‍ നിറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷമാണു തന്റെ ഭക്ഷണം നോയല്‍ കയ്യിലെടുത്തത്. പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജി ഈ സൗഹൃദസ്‌നേഹം പകര്‍ത്തി സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെയാണ് ചിത്രം വൈറലായത്.

പുതിയ തലമുറയില്‍ നിന്ന് ഇല്ലാതാവുന്ന നന്മ അവരില്‍ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്ന് ജെസി പറഞ്ഞു. കാട്ടാത്തി മേഖലയിലെ ഏക പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തില്‍ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയല്‍. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.