ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് വായുമലിനീകരണം മൂലം • ഇ വാർത്ത | evartha
Health & Fitness

ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് വായുമലിനീകരണം മൂലം

പുകവലിയേക്കാള്‍ ഗുരുതര പ്രശ്‌നങ്ങള്‍ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്ന് പഠനം. ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് മലിനമായ വായു ശ്വസിക്കുന്നതു മൂലമാണ്. വായു മലിനീകരണം മൂലം ചെറു പ്രായത്തില്‍ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തില്‍ 26 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 18 ശതമാനമാണെന്നും ലാന്‍സെറ്റ് പ്ലാനിറ്ററി ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണം, രോഗബാധ, ആയുര്‍ ദൈര്‍ഘ്യം കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ വായു മലിനീകരണവുമായി ബന്ധപ്പെടുന്നു. 2017ല്‍ ഇന്ത്യയില്‍ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരില്‍ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്. വായുമലിനീകരണ തോത് അല്‍പ്പം കുറയുകയാണെങ്കില്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം നിലവിലുള്ളതിനേക്കാള്‍ 1.7വര്‍ഷം കൂടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. പുകവലി എന്ന ദുശ്ശീലം വലിയൊരളവുവരെ കുറക്കാന്‍ ഇന്ത്യക്കായെങ്കിലും മലിന വായു മൂലം ശ്വാസകോശ രോഗങ്ങള്‍ നിലനില്‍ക്കുകയാണ്. വായു മലിനീകരണം ഏറ്റവും മോശമായ 15 സിറ്റികളില്‍ 14ഉം ഇന്ത്യയിലാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പറയുന്നു.