ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗി; പൊലീസ് ഓഫീസറുടെ കൊലപാതകത്തെ കുറിച്ച് മൗനം

single-img
5 December 2018

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചു.

എന്നാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ യോഗി ആദിത്യനാഥ് തയാറായില്ല. ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

അതേസമയം ഇന്ന് രാവിലെ പൊലീസ് ഓഫീസറുടെ ബന്ധുക്കളെ ആദിത്യനാഥ് സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് അധിക്ഷേപം. അതിനിടെ ബൂലന്ദ്ശഹര്‍ കലാപത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി.

പശുവിന്റെ ജഡം കണ്ടെത്തിയതിന് തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?’, പോലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ് ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്തെങ്കിലും പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം ഉത്തര്‍പ്രദേശില്‍ വീണ്ടും വര്‍ഗ്ഗീയ വികാരം ആളികത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവാകുകയാണ് ബുലന്ദ്ഷഹറിലെ അക്രമമെന്ന് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ സഹോദരി പറഞ്ഞു. പശുക്കളെ കുറിച്ച് മാത്രം സംസാരിക്കുന്ന ആദിത്യനാഥ് ഈ കൊലപാതകത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് കുടുംബം ചോദിക്കുന്നു.

അഖ്‌ലാഖ് വധക്കേസില്‍ 18 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയ ഇന്‍സ്‌പെക്ടറെ മാത്രം ജനക്കൂട്ടം തെരഞ്ഞെ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു വിഭാഗത്തിന്റെ മതാഘോഷം 40 കിലോമീറ്റര്‍ അകലെയാണ് നടന്നത്. എന്നാല്‍ ചത്ത പശുക്കളുടെ അവശിഷ്ടം അക്രമം നടന്നിടത്ത് എത്തിയത് ദുരൂഹമാണ്.