ശംഖുമുഖത്തെ ‘വള്ളംവര’ കണ്ട് അത്ഭുതപ്പെട്ട് ശില്‍പകലയുടെ തമ്പുരാന്‍ കാനായി കുഞ്ഞിരാമന്‍

single-img
5 December 2018

കഴിഞ്ഞ ദിവസം ശംഖുമുഖത്ത് എത്തിയ ആളുകളെല്ലാം ഒരു കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. പത്തോളം കലാകാരന്മാര്‍ ഒരുമിച്ചു ഒരു വള്ളത്തില്‍ മനോഹരമായി ചിത്രങ്ങള്‍ തീര്‍ക്കുന്നു. തിരമാലയില്‍ പെട്ട് മനുഷ്യര്‍ പൊങ്ങുന്നതും മുങ്ങുന്നതും ഭംഗിയായി അവര്‍ വരച്ചിടുന്നു.

ഒരു മണിക്കൂര്‍ കൊണ്ട് വരച്ച വള്ളത്തിന്റെ ക്യാന്‍വാസില്‍ വള്ളവുമായും പ്രകൃതിയുമായും ബന്ധമുള്ള എല്ലാ ജീവിതങ്ങളും രേഖപെടുത്തി. ചുരുങ്ങിയ വരകള്‍ കൊണ്ടും കളറുകള്‍ കൊണ്ടും അത് അവര്‍ ഭംഗിയാക്കി. പ്രളയത്തിന്റെ സ്മാരകമെന്ന് ഒറ്റനോട്ടത്തില്‍ ആരും പറഞ്ഞുപോകും.

കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ (KRLCC) സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സംഗമം 2018 പരിപാടികളുടെ ഭാഗമായാണ് ഇവര്‍ ഇത്തരത്തില്‍ ഒരു ചിത്രം വരച്ചിട്ടത്. കത്തോലിക്ക സംഗമത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ചിത്രകല ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ആയിരുന്നു.

ഈ വള്ളം കണ്ടതോടെ അദ്ദേഹം പോലും ആശ്ചര്യപ്പെട്ട് കുറച്ചുനേരം നോക്കി നിന്നുപോയി. ഗംഭീരമായിട്ടുണ്ട് എന്നാണ് കണ്ട മാത്രയില്‍ തന്നെ അദ്ദേഹം സംഘാടക പ്രതിനിധി ക്ലിന്റനോട് പ്രതികരിച്ചത്. പ്രളയത്തിന്റെ സ്മാരകമെന്ന നിലയില്‍ ബോട്ടിലൊരു കലയും രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഒരു സ്മാരകവും ആദ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ലത്തീന്‍ കത്തോലിക്ക സംഗമത്തിന്റെ സമാപന ദിവസം ഡിസംബര്‍ 9 വരെ ഈ പ്രദര്‍ശനം തുടരും.