നവകേരള നിര്‍മാണം: അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
5 December 2018

പ്രളയാനന്തര അതിജീവനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം സര്‍ക്കാര്‍ തള്ളി. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണു പ്രമേയം തള്ളിയത്. ഇതേത്തുടര്‍ന്ന് സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സഹായം ലഭിക്കേണ്ടവര്‍ക്ക് എപ്പോള്‍ നല്‍കുമെന്നു മുഖ്യമന്ത്രി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ പ്രളയം മൂലം നഷ്ടമുണ്ടായ എല്ലാവര്‍ക്കും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 48 മണിക്കൂര്‍ വെള്ളം കെട്ടിനിന്ന എല്ലാ വീടുകള്‍ക്കും 10,000 രൂപ വീതം നല്‍കി.

കൃഷിനാശമുണ്ടായ രണ്ടുലക്ഷം കര്‍ഷകര്‍ക്കായി 60 കോടി രൂപ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയത്തിനു 100 ദിവസം കഴിഞ്ഞിട്ടും വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്നും കാട്ടി വി.ഡി.സതീശന്‍ നല്‍കിയ അടിയന്തര പ്രമേയമാണു ചര്‍ച്ച ചെയ്തത്.

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട, നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല, നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്: നിയമസഭയെ ഞെട്ടിച്ച് പിസി ജോര്‍ജ്ജ്

വി.ഡി.സതീശനൊപ്പം അടിയന്തര പ്രമേയ ചര്‍ച്ചയില്‍ 17 പേര്‍ പങ്കെടുത്തു. പ്രളയം ഏറ്റവും കൂടുതല്‍ കെടുതി വരുത്തിയ പ്രദേശങ്ങളിലെ എംഎല്‍എമാരും പ്രതിപക്ഷ നേതാവും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രളയത്തിന് ശേഷമുള്ള നഷ്ടങ്ങളെ കുറിച്ചും മറ്റും ഇതുവരെ ഒരു കണക്കെടുപ്പും നടത്തിയിട്ടില്ല.

ഒരു രൂപയും ആര്‍ക്കും കൊടുത്തിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ തുക വാങ്ങിയെടുക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ സര്‍വ്വ കക്ഷിയോഗം പ്രധാനമന്ത്രിയെ കാണണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷത്തിന് വീണ്ടുവിചാരമുണ്ടായത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. സാലറി ചാലഞ്ചില്‍ സമ്മതപത്രം വേണമെന്ന് പറഞ്ഞത് സൗകര്യത്തിന് വേണ്ടിയാണെന്നും നേരിട്ട് ശമ്പളത്തില്‍ നിന്ന് പിടിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത വാദങ്ങളാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു. മന്ത്രിമാരുടെ മറുപടികളില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.