മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട, നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല, നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്: നിയമസഭയെ ഞെട്ടിച്ച് പിസി ജോര്‍ജ്ജ്

single-img
5 December 2018

തിരുവനന്തപുരം: പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരിതാശ്വാസത്തിന് തുക നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിയ്ക്കുന്ന അവഗണനയ്‌ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്ന് പ്രതിപക്ഷത്തിന് തോന്നിയ വീണ്ടുവിചാരം സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1500 കോടി രൂപയാണ് സാലറി ചാലഞ്ചിലൂടെ സമാഹരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. 23/11/18 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2733 കോടി 70 ലക്ഷം രൂപയാണ് കിട്ടിയത്. ഇതില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് 488 കോടി 60 ലക്ഷം രൂപയാണ് സമാഹരിയ്ക്കപ്പെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ ജീവനക്കാരില്‍ 59.5 ശതമാനം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ദുരന്തപ്രതികരണനിധിയില്‍ 989 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസപ്രമേയ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച പെറ്റിയെന്ന് പ്രമേയം അവതരിപ്പിച്ച വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. 100 ദിവസം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭവനനിര്‍മ്മാണത്തിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത എന്‍ജിഒയെ സര്‍ക്കാര്‍ അവഗണിച്ചു. പദ്ധതി നിര്‍ദേശം നല്‍കി ഒന്നരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. കാപട്യം നിറഞ്ഞ നിര്‍മ്മിതിയാണ് മുഖ്യമന്ത്രിയുടെ നവകേരളനിര്‍മ്മാണമെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് സജി ചെറിയാന്‍ സംസാരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുകയാണെന്ന് സജി ചെറിയാന്‍ ആരോപിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിച്ചെന്ന് യു.പ്രതിഭ ആരോപിച്ചു. സിപിഎം 30 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച് നല്‍കി. എഐസിസി എത്ര തുക നല്‍കി. പ്രതിപക്ഷം സമീപനത്തില്‍ മാറ്റം വരുത്തണമെന്നും യു.പ്രതിഭ ആവശ്യപ്പെട്ടു.

പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്.

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയാനന്തര കേരളത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ചിന്തിക്കേണ്ടതെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്.

ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ കഴിയില്ല. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എം.എല്‍.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.