മിഷേല്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തെത്തുക; രഹസ്യങ്ങള്‍ക്കായി കാത്തിരിക്കൂ: കോണ്‍ഗ്രസിനെ ഉന്നംവെച്ച് മോദി

single-img
5 December 2018

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നേരന്ദ്ര മോദി. വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി നടന്നത് യു.പിഎ ഭരണകാലത്തായിരുന്നു.

തങ്ങള്‍ ഭരണത്തിലേറിയപ്പോള്‍ ഈ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി. പ്രതികളിലൊരാളെ പിടികൂടി. അയാളെ ദുബൈയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച കാര്യം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടാവും. അയാള്‍ സംസാരിച്ചു തുടങ്ങിയാലേ എന്തെല്ലാം രഹസ്യങ്ങളാണ് പുറത്തു വരികയെന്ന് അറിയാനാവൂ എന്നും മോദി പറഞ്ഞു.

രാജസ്ഥാനില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് പൗരനുമായ മിഷേലിനെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഡല്‍ഹിയിലെത്തിച്ചത്. മിഷേലിനെ കൈമാറണമെന്ന് ദുബായി സര്‍ക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി 12 വി വി ഐ പി ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. 3600 കോടിരൂപയായിരുന്നു കരാര്‍ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു മിഷേല്‍. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം.