ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് നാളെ: രോഹിത് ശര്‍മയെ പന്ത്രണ്ടംഗ ടീമില്‍ ഉള്‍പ്പെടുത്തി; ജഡേജയെയും ഉമേഷ് യാദവിനെയും ഒഴിവാക്കി

single-img
5 December 2018

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഓസ്ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. പന്ത്രണ്ടംഗ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.

ഹനുമ വിഹാരി, മുരളി വിജയ് എന്നിവരും ടീമിലുണ്ട്. ആര്‍ അശ്വിനാണ് ഏക സ്പിന്നര്‍. രവീന്ദ്ര ജഡേജയെയും ഉമേഷ് യാദവിനെയും ഒഴിവാക്കി. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലേ പേസര്‍മാര്‍. ഇന്ത്യന്‍ സമയം രാവിലെ 5.30ന് മല്‍സരം ആരംഭിക്കും. നാലുമല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.

നായകന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത്. ബൗളിംഗ് നിരയും ഓസീസില്‍ താളം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്. ബാറ്റിംഗ് സ്റ്റാറുകളായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ഇല്ലാത്ത ഓസ്‌ട്രേലിയക്കെതിരെ പരമ്പര നേടാന്‍ ഇന്ത്യക്ക് സുവര്‍ണാവസരമാണിത്.

പരിശീലന മത്സരത്തിനിടെ യുവതാരം പൃഥ്വി ഷായ്ക്ക് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. സ്റ്റാര്‍ക്കും കമ്മിണ്‍സും ഹെയ്‌സല്‍വുഡും അണിനിരക്കുന്ന ഓസ്‌ട്രേലിയന്‍ പേസ് നിര ഇന്ത്യക്ക് വെല്ലുവിളിയായേക്കും. പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.

സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരം മാക്‌സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഷായുടെ ഇടത് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടക്കാന്‍ കഴിയാതിരുന്ന പൃഥ്വിയെ ഗ്രൗണ്ടില്‍ നിന്ന് എടുത്തുകൊണ്ടാണ് പുറത്ത് കൊണ്ട് പോയത്.

പൃഥ്വി ഷായ്ക്ക് പകരം രോഹിത് ശര്‍മയെ ടീമിലെടുക്കണമെന്ന ആവശ്യം അന്നുമുതല്‍ ശക്തമാകുന്നു. ആദ്യ ടെസ്റ്റില്‍ ഷാ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് ടെസ്റ്റ് ടീമിന് പുറത്തുള്ള രോഹിതിനെ ടീമിലെടുക്കണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു.