വനിതാ ഹോസ്റ്റലില്‍ ഒന്‍പത് ഒളിക്യാമറകള്‍ സ്ഥാപിച്ച ഉടമ പിടിയില്‍: പെണ്‍കുട്ടികള്‍ ഒളിക്യാമറ കണ്ടെത്തിയത് ആപ്പ് ഉപയോഗിച്ച്

single-img
5 December 2018

ചെന്നൈയില്‍ ഐ.ടി. ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച ഉടമയെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശി സമ്പത്ത് രാജ് (48)ആണ് അറസ്റ്റിലായത്. ആദമ്പാക്കത്തെ ഹോസ്റ്റലിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

ഹോസ്റ്റല്‍ ആരംഭിച്ചിട്ട് രണ്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുളളുവെന്ന് പൊലീസ് പറഞ്ഞു. തില്ലയ് ഗംഗാ നഗറിലെ വനിതാ ഹോസ്റ്റലില്‍ മൂന്ന് മുറികളാണ് പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ താമസിക്കാന്‍ നല്‍കിയിട്ടുളളത്. എഴു പെണ്‍കുട്ടികളായിരുന്നു ഇവിടത്തെ താമസക്കാര്‍.

20,000 രൂപ അഡ്വാന്‍സ് ഇനത്തില്‍ ഇയാള്‍ ഈടാക്കിയിരുന്നു. മാസം 5,500 രൂപയായിരുന്നു വാടക. കുളിമുറിയിലെ സ്വിച്ച് ബോര്‍ഡില്‍ ഹെയര്‍ ഡ്രൈയര്‍ പ്ലഗ് ചെയ്യാന്‍ നോക്കിയപ്പോള്‍ സാധിക്കാതെ വന്നതോടെ ഒരു പെണ്‍കുട്ടി നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

തുടര്‍ന്ന് അന്തേവാസികള്‍ ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല ഭാഗത്തും സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തി. ബെഡ്‌റൂമിലെ ബള്‍ബിനുളളില്‍നിന്നും രണ്ടു ക്യാമറയും ഹാങ്ങറില്‍നിന്നും രണ്ടെണ്ണവും കര്‍ട്ടനു പിറകില്‍നിന്നും കുളിമുറിയില്‍നിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെടുത്തത്.

ക്യാമറ കണ്ടെടുത്തതോടെ ഉടമ സമ്പത്തിനെ സംശയിക്കുന്നതായി പെണ്‍കുട്ടികള്‍ പൊലീസിനോട് പറയുകയും ചെയ്തു. പല തവണ അറ്റകുറ്റപണിക്കെന്നു പറഞ്ഞ് ഇയാള്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നതായി പെണ്‍കുട്ടികള്‍ പറഞ്ഞു. ശരിയായ കാഴ്ച ലഭിക്കുന്നതു വരെ ഇയാള്‍ പല ക്യാമറകള്‍ മാറ്റി മാറ്റി സ്ഥാപിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇതു വരെ യാതൊന്നും റെക്കോര്‍ഡ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

ചോദ്യംചെയ്യലില്‍ താന്‍ തന്നെയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് സമ്പത്ത് രാജ് സമ്മതിച്ചു. തനിക്കു ദൃശ്യങ്ങള്‍ വ്യക്തമായി കാണത്തക്കതരത്തില്‍ ക്യാമറകളുടെ ദിശ മാറ്റിവയ്ക്കാനായിരുന്നത്രെ സമ്പത്ത് രാജ് ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നത്. ഇവിടെയുണ്ടായിരുന്ന ഒളിക്യാമറകള്‍, 16 മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആദംപാക്കം പോലീസ് അറിയിച്ചു.