ഇനി ഇന്‍റര്‍നെറ്റിന് വേഗം കൂടും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ‘ജിസാറ്റ് – 11’ വിജയകരമായി വിക്ഷേപിച്ചു

single-img
5 December 2018

ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപ​ഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോർഡാണ് ഏരിയൻ 5 റോക്കറ്റിനുള്ളത്. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണസംവിധാനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ഇത് സഹായിക്കും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.

ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ് -11 മേയ് 26-ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.