പ്രവാസി ജീവനക്കാരന് രാജകീയ യാത്രയയപ്പു നല്‍കി സൗദി കുടുംബം

single-img
5 December 2018

ഇങ്ങനെയൊരു യാത്രയയപ്പ് ഇന്ത്യക്കാരനായ മിഡോ ഷെരീന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. 35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലിക്കാരനായിരുന്നു ഷെരീന്‍. ഒടുവില്‍ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ആ കുടുംബം അദ്ദേഹത്തിന് എല്ലാ ആദരവും നല്‍കിയാണ് യാത്രയയച്ചത്.

1980 കാലഘട്ടത്തിലാണ് മിഡോ സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ സ്വദേശി കുടുംബത്തിന്റെ വീട്ടില്‍ ജോലിക്കാരനായി എത്തുന്നത്. വീട്ടിലെ കൃഷിയും റസ്റ്റ് ഹൗസിലെ കാപ്പി വിതരണവുമായിരുന്നു മിഡോയുടെ ജോലി. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാനാണ് സൗദി കുടുംബം റസ്റ്റ് ഹൗസ് പണിതത്.

ഇത്രയും നാളും കുടുംബത്തിലെ ഒരംഗത്തെപ്പോലെ ജോലി ചെയ്ത മിഡോ തന്റെ അവസാന കാലത്ത് സ്വന്തം കുടുംബത്തിനൊപ്പം താമസിക്കണമെന്ന ആഗ്രഹത്താലാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ആരോഗ്യാവസ്ഥ മോശമായതും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചെന്നും മിഡോ വ്യക്തമാക്കുന്നു.

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് മിഡോയെ എല്ലാവരും യാത്രയാക്കിയത്. വരിവരിയായി നിന്ന് കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനങ്ങള്‍ നല്‍കി കൈ നിറയെ പണവും സമ്മാനങ്ങളും നല്‍കാനും കുടുംബം മറന്നില്ല. ഇത്രയും വര്‍ഷം തങ്ങളെ സേവിച്ചതിന് പെന്‍ഷന്‍ എന്ന നിലയില്‍ ഓരോ മാസവും പെന്‍ഷന്‍ എന്ന നിലയില്‍ ഒരു തുക അയച്ചു നല്‍കുമെന്നും കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി വ്യക്തമാക്കി.

കുടുംബാംഗങ്ങളോട് വളരെ നല്ല രീതിയിലാണ് മിഡോ പെരുമാറിയത്. തങ്ങളില്‍ ഒരാളെപ്പോലെയാണ് മിഡോയെ കുടുംബാംഗങ്ങളും കണ്ടിരുന്നത്. സൗദിയുടെ മൂല്യമാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്തിരിക്കുന്നത്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.