ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി നടന്‍ സല്‍മാന്‍ ഖാന്‍: ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ മമ്മൂട്ടിയും

single-img
5 December 2018

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം.

ഒടുവില്‍ പുറത്തിറങ്ങിയ ടൈഗര്‍ സിന്താ ഹേ, റേസ് 3, ടെലിവിഷന്‍ പരിപാടികള്‍, പരസ്യം എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് വിരാടിന്റെ സമ്പാദ്യം.

185 കോടി നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ് മൂന്നാമത്. 114 കോടിയുമായി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാരൂഖ് ഖാന്‍ പതിമൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്ന ഷാരൂഖിന്റെ സമ്പാദ്യം 56 കോടിയാണ്. 18 കോടി നേടി പ്രിയങ്ക ചോപ്ര നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക.

മമ്മൂട്ടിയും നയന്‍താരയുമാണ് പട്ടികയിലിടം നേടിയ മലയാളികള്‍. തെന്നിന്ത്യയില്‍ നിന്നിടം നേടിയ ഏക വനിതയും നയന്‍താര തന്നെ. നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് സമ്പാദ്യം. രജനീകാന്ത് പതിന്നാലാം സ്ഥാനത്തുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, വിക്രം, വിജയ് സേതുപതി എന്നിവര്‍ ആദ്യ അന്‍പതില്‍ ഇടം നേടിയിട്ടുണ്ട്.

മഹേഷ് ബാബു (24.33 കോടി) 33ാം സ്ഥാനത്തെത്തിയപ്പോള്‍ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 36ാംസ്ഥാനത്തുള്ള നാഗാര്‍ജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്‌ക്കൊപ്പമെത്തി.

നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക.