മുന്നൂറോളം യാത്രക്കാരെ മരണഭീതിയിലാക്കി ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ്: വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് പൈലറ്റിന്റെ മനഃസാന്നിധ്യംകൊണ്ട്: വീഡിയോ പുറത്ത്

single-img
5 December 2018

ദുബായില്‍ നിന്നും ന്യൂകാസ്റ്റിലിലേക്ക് വന്ന എമിറേറ്റ്‌സിന്റെ ബോയിങ് 777 എന്ന യാത്രാവിമാനമാണ് നവംബര്‍ 29 ന് അതിസാഹസികമായ ലാന്‍ഡിങ്ങ് നടത്തിയത്. പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

മൂന്നോറോളം യാത്രക്കാരുമായി ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ട് വിമാനം ആടിയുലയുകയായിരുന്നു. ശക്തമായ ക്രോസ് വിന്‍ഡാണ് വിമാനത്തിന്റെ ലാന്‍ഡിങ് പ്രതിസന്ധിയിലാക്കിയത്. ശക്തമായ കാറ്റിനിടെ ആടിയുലഞ്ഞ വിമാനം ന്യൂകാസ്റ്റില്‍ എയര്‍പോര്‍ട്ടിലെ റണ്‍വെ 25 ല്‍ ഏറെ ബുദ്ധിമുട്ടി ലാന്‍ഡ് ചെയ്‌തെങ്കിലും ആ നിമിഷം തന്നെ ടേക്ക് ഓഫ് ചെയ്യേണ്ടിവരികയായിരുന്നു.

റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നു. എന്നാല്‍ റണ്‍വെയില്‍ സുരക്ഷിതമായി നിലയുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. രണ്ടാം നീക്കത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്യാനും പൈലറ്റിന് സാധിച്ചു.

ലാന്‍ഡിങ്ങില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.

ജൊനാഥന്‍ വിന്‍ടണ്‍ എന്ന യുട്യൂബര്‍ പോസ്റ്റ് ചെയ്ത വിഡിയോ ഫെയ്‌സ്ബുക്, ട്വിറ്റര്‍ സോഷ്യല്‍മീഡിയകളിലും ഹിറ്റാണ്.
ഇത്ര വലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ന്യൂകാസ്റ്റില്‍ എയര്‍പോര്‍ട്ടില്‍ ആദ്യ സംഭവമാണെന്നാണ് മിക്കവരും പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു എന്‍ജിനുള്ള ജെറ്റാണിത്.