ക്‌ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ!: തിയേറ്ററിലും ബീച്ചിലും പാര്‍ക്കിലുമെല്ലാം പൊലീസ് പിന്നാലെയുണ്ട്

single-img
5 December 2018

തിരുവനന്തപുരത്ത് സ്‌കൂളിലും കോളേജിലും ക്‌ളാസ് കട്ട് ചെയ്ത് സിനിമ കാണാനും കറങ്ങാനും ഇറങ്ങിയ 56 കുട്ടികളെ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി രക്ഷിതാക്കള്‍ക്ക് കൈമാറി. ഇന്നലെ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ നഗരത്തില്‍ കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികള്‍ കൂട്ടത്തോടെ പിടിക്കപ്പെട്ടത്.

റിലീസായ തമിഴ് ചിത്രമായ 2.0 കാണാന്‍ ടിക്കറ്റുമായി ക്യൂനിന്നവരും സ്‌കൂള്‍ യൂണിഫോണില്‍ തിയേറ്ററില്‍ ഇരുന്നവരും സ്‌കൂള്‍ യൂണിഫോം ബാഗിലാക്കി ബൈക്കില്‍ വിലസിയവരുമെല്ലാം പൊലീസിന്റെ പിടിയിലായി. കണ്‍ട്രോള്‍ റൂമിലെത്തിച്ച എല്ലാവരെയും രക്ഷിതാക്കളെ വരുത്തി പിന്നീട് അവര്‍ക്കൊപ്പം വിട്ടയച്ചു.

കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നതുള്‍പ്പെടെയുളള സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സില്ലാതെ കുട്ടികള്‍ക്ക് ഇരുചക്ര വാഹനം നല്‍കി സ്‌കൂളില്‍ അയച്ച രക്ഷിതാക്കളെയും പൊലീസ് താക്കീത് ചെയ്ത് വിട്ടു.