ബാലണ്‍ദ്യോര്‍ പുരസ്കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്

single-img
4 December 2018

കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. 2008 മുതൽ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡായോ മാത്രം സ്വന്തമാക്കിയ പുരസ്കാരത്തിനാണ് പത്ത് വര്‍ഷത്തിന് ശേഷം പുതിയ അവകാശിയെത്തുന്നത്. 2007-ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്കാരം നേടിയ അവസാനത്തെയാള്‍.

ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.

പുരസ്കാര ജേതാവിനുള്ള അന്തിമപട്ടികയില്‍ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയൽ മാഡ്രിഡിന്‍റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടവും പുരസ്കാരനേട്ടത്തിന് തുണയായി.

പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. എന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ക്രൊയേഷ്യയ്ക്കായി ആദ്യമായി ബാലൺ ദി ഓർ പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു