കർണാടകയിൽ കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാരെ ചാക്കിട്ടു പിടിക്കാൻ വീണ്ടും ബി.ജെ.പി. ശ്രമം: ഫോൺ സംഭാഷണം പുറത്ത്

single-img
4 December 2018

ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ ബെംഗളൂരുവിലെ സഹായിയും ദുബായിയിലെ വ്യവസായിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. നവംബർ 28-നുള്ള ഫോൺ സംഭാഷണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് ചോർത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ശബ്ദരേഖ കൈമാറി.

ശ്രീരാമുലുവിന്റെ സുഹൃത്താണ് വ്യവസായിയെന്നാണ് വിവരം. എം.എൽ.എ.മാരെ ചാക്കിട്ടുപിടിക്കാൻ പണത്തിനു വേണ്ടിയാണ് സഹായി ഫോൺ വിളിച്ചതെന്നാണ് സംഭാഷണത്തിൽനിന്നു ലഭിക്കുന്ന സൂചന. അതൃപ്തരായ എം.എൽ.എ.മാരെയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

ഫോൺ സംഭാഷണം

ശ്രീരാമുലുവിന്റെ സഹായി: ഹലോ സർ, യെദ്യൂരപ്പയും ശ്രീരാമുലുവും ‘ഓപ്പറേഷൻ കമല’ വീണ്ടും ആരംഭിച്ചിട്ടുണ്ട്.

വ്യവസായി: ശരി

സഹായി: 10 എം.എൽ.എ.മാരുമായി ചർച്ച നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ട്

വ്യവസായി: നേരത്തേ നിശ്ചയിച്ച 10 എം.എൽ.എ മാരാണോ, അതോ പുതിയതോ?

സഹായി: പഴയവർ തന്നെ. ആനന്ദ് സിങ്, നാഗേന്ദ്ര, ഗണേഷ്, ബി.സി. പാട്ടിൽ, സതീഷ് ജാർക്കിഹോളി, രമേഷ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ തുടങ്ങിയവർ. 10 മുതൽ 12 എം.എൽ.എ.മാർ വരെയുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഡിസംബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ രാജിവെപ്പിക്കാനാണ് ശ്രമിക്കുന്നത്.

വ്യവസായി: എല്ലാവരും തയ്യാറാണോ

സഹായി: ആരും ഫോണിലൂടെ സംസാരിക്കുന്നില്ല. വ്യക്തിപരമായി കാണാനാണ് തീരുമാനം.

വ്യവസായി: മഞ്ജുവും പിന്നെ ആരൊക്കെയാണ് എം.എൽ.എ.മാരെ കാണുന്നത് ?

സഹായി: മഞ്ജു, നവീൻ, ശരവണ

വ്യവസായി: എം.എൽ.എ.മാരോട് നേരിട്ട് സംസാരിക്കാൻ ഇവരെ നിയോഗിച്ചോ?

സഹായി: ഇവർ എം.എൽ.എ.മാരെ കണ്ട ശേഷം ഫോണിലൂടെ ജനാർദന റെഡ്ഡിയോട് സംസാരിപ്പിക്കും. എം.എൽ.എ.മാർ സ്വന്തം ഫോണിൽ നിന്ന് സംസാരിക്കില്ല.

വ്യവസായി: എത്ര പണം ആവശ്യമായി വരും?

സഹായി: എം.എൽ.എ.മാർക്ക് 20 മുതൽ 25 കോടി രൂപ വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രി സ്ഥാനവും നൽകും.

വ്യവസായി: അവർ എപ്പോൾ രാജി വെക്കും?

സഹായി: ഇതുവരെ തീർപ്പായിട്ടില്ല. രഹസ്യമായി ചർച്ച നടക്കുന്നുണ്ട്.

വ്യവസായി: രമേഷ് ജാർക്കിഹോളി ശ്രീരാമുലുവിനെ ബെംഗളൂരുവിൽ കാണുന്നുണ്ടോ?

സഹായി: ഉണ്ട്. ശ്രീരാമുലു, ജനാർദനറെഡ്ഡി എന്നിവരെ കാണും. എന്നാണെന്ന് തീരുമാനമായില്ല.

വ്യവസായി: ശരി. വിവരങ്ങൾ അറിയിക്കുകയും പരിപാടിയുടെ ഷെഡ്യൂൾ എനിക്ക് അയച്ചു തരികയും വേണം.