മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേക്കു കാറിടിച്ച് കയറ്റാന്‍ ശ്രമം;സംഭവം നടന്ന ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തി.

single-img
4 December 2018

മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തിനു പിന്നാലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലേക്ക് എസ്.യു.വി കാറിടിച്ചുകയറ്റാന്‍ ശ്രമം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സ്‌ട്രോംഗ് റൂം ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സംഭവത്തില്‍ കാര്‍ പിടിച്ചെടുത്തു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്‌കോര്‍പിയോ വാഹനമാണ് പിടിച്ചെടുത്തത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിങ്ങനെ രണ്ടു പേര്‍ അറസ്റ്റിലാവുകയും നാല് പേര്‍ ഓടി രക്ഷപെട്ടതായുമാണ്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

നേരത്തെ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാദ്ധ്യതയുണ്ടെന്നും കാണിച്ച്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇ.വി.എമ്മുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.