നിയമസഭ പ്രക്ഷുബ്ധം: പ്രതിപക്ഷ ബഹളത്തില്‍ നാലാം ദിവസവും സഭ പിരിഞ്ഞു

single-img
3 December 2018

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയതോടെ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ തുടങ്ങിയ ഉടനെ നടപടികളുമായി സഹകരിക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുമായുള്ള വാക്പോരിനെ തുടര്‍ന്ന് ബഹളത്തില്‍ കലാശിച്ചു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുയര്‍ത്തിയതോടെ ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.

രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങൾ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചു. യുഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചു. ഇതോടെ കോൺഗ്രസും ആർഎസ്എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസ് ബാനറുയർത്തി മറച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന നേതാക്കളെത്തിയാണ് നടുത്തളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ എൽദോസ് എബ്രഹാമടക്കമുള്ളവരെ പിന്തിരിച്ചത്.

എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷാംഗങ്ങളെ സ്പീക്കർ ശാസിക്കുകയും ചെയ്തു.

തുടർന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികൾ പൂർത്തിയാക്കി സഭ പെട്ടെന്ന് പിരിഞ്ഞു. അതേസമയം, മൂന്നു പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം നിയമസഭാ കവാടത്തിനു മുന്നിൽ തുടങ്ങി. പാറക്കൽ അബ്ദുല്ല, എൻ. ജയരാജ്, വി.എസ്.ശിവകുമാർ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്. സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പു കൊടുത്തയച്ചാണു സഭ തടസ്സപ്പെടുത്തിയത്. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നതു ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.