പ്രതിപക്ഷ നേതാവിന്‍റെ പദവിയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് ചെന്നിത്തല നടത്തിയത്: ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
3 December 2018

വനിതാമതിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയ നവോത്ഥാന സംഘടനകളെയും നേതാക്കളെയും എടുക്കാച്ചരക്കെന്ന് അടച്ചാക്ഷേപിക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി. പ്രതിപക്ഷ നേതാവിന്‍റെ പദവിയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് ചെന്നിത്തല നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സമൂഹത്തിലെ എടുക്കാ ചരക്കുകളെ മഹത്വവത്ക്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ചെന്നിത്തലയുടെ പരാമര്‍ശം. പ്രതിപക്ഷ നേതാവിനെ പോലെയുള്ളവര്‍ക്ക് യോജിക്കാത്ത, അധിക്ഷേപ സ്വഭാവമുള്ള പരാമര്‍ശമാണത്. ജാതി സംഘടനകളുടെ യോഗം എന്ന് തരംതാഴ്ത്തി കാട്ടാനാണ് ചെന്നിത്തല ശ്രമിച്ചത്. ഈ മനോഭാവം ചെന്നിത്തല മാറ്റണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റ് കക്ഷികള്‍ക്കും ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസിന്റെ നിലപാടുകളും കോണ്‍ഗ്രസ് നിലപാടുകളും ഒരുപോലെയാണ് തോന്നിപ്പിക്കുന്നത്. വ്യക്തതതയില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് ബി.ജെ.പിക്കൊപ്പം പ്രതിപക്ഷ നേതാവും. വനിതാ മതില്‍ പൊളിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. പുരോഗമന മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് ഇതെന്നും പിണറായി വിജയൻ പറഞ്ഞു.