പ്രളയ രക്ഷാപ്രവര്‍ത്തനം: സംസ്ഥാന സര്‍ക്കാരിന് ബില്‍ നല്‍കിയിട്ടില്ലെന്ന് നാവികസേന

single-img
3 December 2018

പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം സേനയുടെ ഉത്തരവാദിത്തമാണെന്നും ഇതിന്റെ ഭാഗമായി ആര്‍ക്കും ബില്‍ കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറല്‍ ജനറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി. ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സേനയുടെ പരിശീലനത്തിന്റെ ഭാഗമാണെന്നും അനില്‍ കുമാര്‍ ചൗള പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ചെലവ് എത്രയെന്ന് സേന ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി.

നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നൽകുന്നത്. അംഗങ്ങൾക്കു പുറത്തു പരിശീലനത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. സേനയ്ക്ക് അധികമായിട്ടുണ്ടായിട്ടുള്ളത് ഇന്ധനച്ചെലവാണ്. മറ്റു ചെലവുകൾ തേയ്മാനച്ചെലവും ശമ്പളവുമാണ്. അതു സാധാരണ തന്നെ ഉണ്ടാകുന്നതിനാൽ ഇതൊന്നും കണക്കാക്കിയിട്ടില്ല.

രക്ഷാപ്രവർത്തനമടക്കം രാജ്യത്തിന്റെ പൊതു താൽപര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണ് നേവി, പ്രത്യേകിച്ചും കൊച്ചിയുടെ. കേരളത്തിൽനിന്ന് നേവിയുടെ ഭാഗമാകാൻ യുവാക്കൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.