അപൂർവ രോഗമായ കോംഗോ പനി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

single-img
3 December 2018

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത് . രോഗം ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. 1944ൽ ആണ് ആദ്യമായി ഈ അസുഖം ‘ക്രൈമീയ’ എന്ന സ്‌ഥലത്തു കണ്ടത്. അതുകൊണ്ടാണ് ഈ പേരു വന്നത്. വായുവിലൂടെ പകരുകയില്ലെന്നതിനാൽ വ്യാപകമായി പടരാൻ സാധ്യത കുറവാണ്. വൈറസ് മൂലമാണു രോഗം ഉണ്ടാകുന്നത്.

ലക്ഷണങ്ങള്‍

കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍ പോക്സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തില്‍ കലാശിക്കുന്നതും.

രോഗം എങ്ങനെ നിര്‍ണയിക്കാം?

എലിസ(ELISA) , ഇഐഎ (EIA)എന്നീ രക്ത പരിശോധനകളിലൂടെ ഈ വൈറസിന്റെ ആന്റിബോഡി കണ്ടെത്തി രോഗം നിര്‍ണയിക്കാം. പക്ഷെ, ആറാം ദിവസം മുതലേ രക്തത്തില്‍ ആന്റിബോഡി കാണപ്പെടുകയുള്ളൂ.രോഗിയുടെ രക്തം അല്ലെങ്കില്‍ പേശി സാമ്പിള്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം.

സുരക്ഷിതവും ഫലപ്രദവും ആയി ഉപയോഗിക്കാന്‍ സാധ്യമാവുന്ന തരത്തില്‍ ഒരു പ്രതിരോധ മരുന്ന് ഇതുവരെ കോംഗോ വൈറസിനെതിരെ കണ്ടെത്തിയിട്ടില്ല.

എങ്ങനെ പ്രതിരോധിക്കാം?

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം.

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും. കന്നുകാലികളെയും മറ്റും പാലിക്കുന്നവര്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണം.