“അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍ /നീ”: കവിതക്ക് നിരൂപണം എഴുതി അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖ്

single-img
3 December 2018

കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിന്റെ കവിത കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്ത് കോപ്പിയടിച്ചെന്ന ആരോപണത്തിലെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ദീപയും ദീപയ്ക്ക് ഈ കവിത അയച്ചു നല്‍കിയ ശ്രീചിത്രന്‍ എംജെയും കലേഷിനോട് മാപ്പ് പറഞ്ഞെങ്കിലും തന്റെ കവിത എന്തിനാണ് വികലമാക്കിയതെന്ന കലേഷിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ഇരുവരും തയ്യാറായിട്ടില്ല. തനിക്ക് മാപ്പല്ല, മറുപടിയാണ് വേണ്ടതെന്ന് കലേഷ് തന്നെ പറയുന്നു.

വിവാദങ്ങള്‍ കത്തി നില്‍ക്കേ “അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍ / നീ” എന്ന കവിതക്ക് അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖ് എഴുതിയ നിരൂപണം ശ്രദ്ധേയമാകുന്നു. ഈ കവിത രണ്ടുദിവസങ്ങൾക്കു മുൻപ് മാത്രമാണ് വായിക്കുന്നത്. വായിച്ചതിനുശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കപ്പുറത്ത്, അമ്ലമഴപോലെ പൊള്ളിക്കുന്ന ഈ കവിതയിലെ തീവ്രാവിഷ്ക്കാര വരികളും, വാക്കുകളും തന്നെയാണ് മനസ്സിനെ മഥിച്ചത്. അതുകൊണ്ട്‌ വിവാദങ്ങളുടെ പാർശ്വങ്ങളിലേക്കൊന്നും വ്യതിചലിക്കാതെ തുറന്ന മനസ്സോടെ ഈ കവിതയെ ഞാൻ വായിച്ചതിനെ കുറിച്ചിടുക മാത്രമാണ് ഇവിടെ ചെയ്യുവാനുദ്ദേശിക്കുന്നത്. അതിൽ കൂടുതലും, കുറവും മറ്റൊന്നുല്ല എന്ന് അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖ് പറയുന്നു.

നിരൂപണം പൂര്‍ണ്ണരൂപം

എൻ്റെ നിനക്ക്‌, തീപ്പിടിച്ച ആത്മാവിന്റെ അക്ഷരനിറക്കൂട്ട്…!
*******************************
കവിത വായിക്കുക , കവിതാലാപനം കേൾക്കുക എന്നതൊക്കെ നമ്മിൽ എല്ലാവർക്കും ചിരപരിചിതമായിരിക്കും. പക്ഷേ ഒരു കവിത അനുഭവിക്കുകയെന്നത് അത്രമേൽ പരിചിതമായ ഒരു തീവ്രാനുഭവമായിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. എന്തായാലും കലേഷിൻറെ “അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍ / നീ” എന്ന കവിത, 2011 മാർച്ചുമാസം നാലാംതിയ്യതി വെള്ളിയാഴ്ച, അദ്ദേഹത്തിൻ്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയതാണ്. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും, ചർച്ചചെയ്യപ്പെടുകയും, ആംഗലേയ വിവർത്തനങ്ങൾ ഉണ്ടാവുകയുമെല്ലാം ചെയ്തുവെന്നറിയുന്നു. എന്തായാലും പ്രസിദ്ധീകരിച്ചു ഏഴുവർഷങ്ങൾക്കുശേഷം ആ കവിതയ്ക്ക് ഒരു നിരൂപണം എഴുതാനുള്ള എളിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്. തീർച്ചയായും ഞാൻ ഈ കവിത രണ്ടുദിവസങ്ങൾക്കു മുൻപ് മാത്രമാണ് വായിക്കുന്നത്. വായിച്ചതിനുശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കപ്പുറത്ത്, അമ്ലമഴപോലെ പൊള്ളിക്കുന്ന ഈ കവിതയിലെ തീവ്രാവിഷ്ക്കാര വരികളും, വാക്കുകളും തന്നെയാണ് മനസ്സിനെ മഥിച്ചത്. ആയതിനാൽ വിവാദങ്ങളുടെ പാർശ്വങ്ങളിലേക്കൊന്നും വ്യതിചലിക്കാതെ തുറന്ന മനസ്സോടെ ഈ കവിതയെ ഞാൻ വായിച്ചതിനെ കുറിച്ചിടുക മാത്രമാണ് ഇവിടെ ചെയ്യുവാനുദ്ദേശിക്കുന്നത്. അതിൽ കൂടുതലും, കുറവും മറ്റൊന്നുമല്ല.!

“ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ”യുടെയും “അപ്പാര്‍ട്ട്‌ ടുഗെദര്‍” എന്ന സിനിമയുടെയും വിദൂരപ്രതലങ്ങള്‍ സ്വാധീനിച്ച അനുഭവപരിസരത്ത് നിന്നുകൊണ്ടാണ് വാക്കുകളിൽ അഗ്നിസ്ഫുടം ചെയ്തെടുത്ത ഈ വരികൾ കുറിച്ചതെന്ന് കവിതന്നെ സാക്ഷ്യപ്പെടുത്തുന്നു.

“മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍…”
എന്ന് വായിച്ചപ്പോൾ “ഖസാഖിന്റെ ഇതിഹാസത്തിൽ” വിജയൻ കുറിച്ചിട്ടതാണ് ഓർമ്മവന്നത് എന്നതെന്റെ വായനാദാരിദ്ര്യമായിരിക്കാം-
“രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍കൊടികളില്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തു …”

ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം പുഞ്ചിരിയോടെ അഴിച്ചുവച്ച് അങ്ങനെയൊരുനാൾ പൊലിഞ്ഞുപൊയ്പ്പോകാൻ വെമ്പുമ്പോഴും പ്രിയപ്പെട്ടവളുടെ വീട്ടിലേക്ക് കണ്ണിക്കണ്ട വഴികളിലൂടെയോടുന്ന ആണനുഭവത്തിന്റെ തീവ്രതയിലാണ് കവിത തുടങ്ങുന്നത്.

മരണക്കിടക്കയിൽ നിന്നും ജീവിതത്തിന്റെ വ്യർത്ഥമാനങ്ങളുടെ ഉടയാടകൾ അഴിച്ചുവച്ചു പഥികനായലയാൻ നിർണ്ണയിക്കപ്പെടുമ്പോഴും അയാളുടെ ജീവിതകൽപ്പനകൾക്ക് മാറ്റമുണ്ടാവുന്നില്ല, കാരണം യാത്രയൊക്കെ അൽപ്പംകൂടി വൈചിത്ര്യങ്ങൾ നിറഞ്ഞതാണ് –
ഇന്നത്തെപ്പോലെ
ഓട്ടോയ്ക്ക് കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക് എത്തിപ്പിടിച്ച്
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക് ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക് വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന് താഴെവീണ് മണ്ണുപറ്റും.

ജീവിച്ചിരിക്കുമ്പോഴും പായാരയാത്രകളിലെ നിരന്തരവീഴ്ചകളിൽ മേനിയിൽ മണ്ണുപറ്റിയിരുന്ന ജീവിതാവസ്ഥയിൽ നിന്നും അയാളുടെ ആത്മാവ് സഞ്ചരിക്കുമ്പോഴും മാറ്റങ്ങൾ ഉണ്ടാവുന്നില്ല, അഥവാ അയാളത് പ്രതീക്ഷിക്കുന്നില്ല. ആത്മാവിനോളമുയരങ്ങളിൽ ഗഗനചാരിയായ സഞ്ചരിക്കുമ്പോഴും തൻ്റെ ജീവിതവഴികളിൽ നിന്ന് വിഭിന്നമായ ഒരു സഞ്ചാരപഥത്തെക്കുറിച്ചു സുഭഗമായ പാതകളെക്കുറിച്ചു അയാൾക്ക് സ്വപ്‌നങ്ങൾ പോലുമില്ല.

എങ്കിലും, ഞാന്‍ മരിച്ചാലും ബാക്കിയാകുന്നു എന്റെ പ്രണയം..! പ്രേമത്തിൽ രതി ചെയ്യുന്നതെന്തോ, അതാണ്‌ ഏകാന്തതയിൽ വിഷാദം ചെയ്യുക. ജീവിതത്തിൽ മനുഷ്യർക്ക് രണ്ടവസ്ഥകളേ ഉള്ളൂ. ഒന്നുകിൽ ഉള്ളു ചുട്ടുചൂഴ്ന്ന് രക്തമിറ്റും മുറിവാഴത്തോടെ പ്രേമിക്കുക ! അല്ലെങ്കിൽ ഉള്ളു പഴുത്തടർന്ന് അറുന്നു നീങ്ങി ഭയാനകമായ നിശ്ശബ്ദതയോടെ ഏകാന്തപ്പെടുക. പ്രണയം മരണത്തെയും മറികടന്നു സഞ്ചരിക്കുന്നു എന്ന ബോധ്യകല്പനയുടെ ആത്മവിശ്വാസത്തിലായിരിക്കാം അയാൾ ആത്മഗതം കൊളുന്നു-

അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക് പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്
ഞാന്‍ തൊട്ടുവിളിക്കും.

സുതാര്യമായ ചില്ലുവിരലുകൾ ജീവിച്ചിരിക്കുന്നവർക്ക് സ്വപ്നമോ ആർഭാടമോ ആയിരിക്കാം, എന്നാൽ അത്തരം ജീവിതോൺമകൾ മരണത്തിൻറെ സൗജന്യമത്രേ. പിന്നെയുമുണ്ട് മരണം നൽകുന്ന സ്വപ്നസുഭഗതകൾ, എന്തെന്നോ-
കണ്ണുതുറക്കാതെ തന്നെ അവളിൽ നിന്നവനിലേക്ക് സ്നേഹോഷ്മളതകളുടെ രശ്മികൾ പറക്കും, പണ്ടവൾ പാതിരാവുകളിൽ ഊറിച്ചുവപ്പിച്ച അവൻ്റെ ചുണ്ടുകളെ മരണം കരുവാളിപ്പിച്ചത് കണ്ടവൾ ചുണ്ടുകോട്ടിച്ചിരിക്കും. അവൾ വിളിച്ചുപോന്നിരുന്ന അവൻ്റെ പേര് അവളുടെ നാവിനടിയിൽ മീനായിപ്പിടയ്ക്കും. ആ പിടച്ചില് കണ്ട് അവളുടെ പേരമക്കൾ അവളുടെ ജീവൻ മരണത്തിലേക്ക് തുഴയുകയാണെന്ന് കരുതി നാവിൽ വെള്ളം നനച്ചുകൊടുക്കും.

മരണവും ജീവിതവും മണക്കുന്ന വാക്കുകളുടെ കവിതാഭാഷ്യമാണ് ചുരുക്കത്തിൽ കലേഷിന്റെ വരികൾ. തികഞ്ഞ ഏകാന്തതയില്‍ വേണമെങ്കില്‍ വായനയ്ക്കിടയില്‍ കിനാക്കളുടെ മഞ്ചലില്‍ യാത്രചെയ്യാനുള്ള സമയം കലേഷിന്റെ വരികൾ അനുവദിക്കുന്നു. ജീവിതത്തിന്റെ സൂക്ഷ്മസ്ഥൂലചലനത്തെയും കഥാപാത്രവിചാരങ്ങളെയും മനോസഞ്ചാരത്തെയും തൊട്ടുതൊട്ടാണ് കടന്നുപോകുന്നത്. അങ്ങനെ കവിത ഹൃദയത്തിലേക്ക് കടന്നുകയറുന്നു. ചിലപ്പോള്‍ സിരകളിലേക്കും. കാഴ്ചയ്ക്കിടയ്ക്ക് സങ്കല്‍പ്പനത്തിനോ കിനാവിനോ ചിന്തക്കോ ഒരിടവുമില്ലാത്തത്രമേൽ ഭാവസാന്ദ്രമാണ് വരികൾ. ഭാവനയുടെ ലോകത്തെ ദൃശ്യങ്ങളിലേക്കെത്തിക്കല്‍, അക്ഷരങ്ങള്‍ക്കുമാത്രം വഴങ്ങുന്ന ലോകത്തെ ദൃശ്യപദങ്ങളിലൂടെ പകര്‍ന്നുനല്‍കല്‍, കഥാപാത്രത്തിന്റെ മനോസഞ്ചാരങ്ങള്‍, എഴുത്തുകാരന്റെ കാഴ്ചപ്പാട്, മരണത്തിൻറെ വ്യർത്ഥതയും മരവിപ്പും സമ്മാനിക്കുന്ന നിസംഗതയെയും, കഴിഞ്ഞുപോയ ജീവിതത്തിന്റെ ഇരുൾവെളിച്ചങ്ങൾ ദൃശ്യവല്‍ക്കരിക്കാനും അത് കാഴ്ചക്കാരനിലേക്കും പകര്‍ന്നുനല്‍കാനുമുള്ള സൂക്ഷ്മത കലേഷിൽ കയ്യടക്കം വന്നിരിക്കുന്നത് വരികളിൽ അടയാളപ്പെടുത്തുന്നുണ്ട്.

ജീവിതത്തെ അതിന്റെ വ്യാപ്തിയിൽ മനസ്സിലാക്കാനുള്ള മാർഗമാണ് സാഹിത്യമെന്നും അത് മരണത്തെ മറികടക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നുവെന്നും നമ്മെ ബോധ്യപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ കവിത. പ്രണയവും ജീവിതവും പരസ്‌പരം ഉള്‍ചേര്‍ന്നതാണോ..? മനുഷ്യജീവിതത്തില്‍ നിന്ന് പ്രണയത്തിനു വ്യതിരിക്തമായ ഭാവങ്ങളും, ഭാവുകത്വമാനങ്ങളും കല്‍പ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്..? ഉണ്മകളെ തൊട്ടറിയുന്ന, പൊള്ളുന്ന ജീവിത പരിസരങ്ങളില്‍ പ്രണയമെന്നത് ഒരു കാല്‍പ്പനികതയുടെ പേര് മാത്രമാകുന്നതായി പറയാമോ ?! മധ്യവര്‍ഗ്ഗ ജീവിത പരിസരങ്ങളില്‍ നിന്ന് ഒരു ദരിദ്രമലയാളി പുരുഷൻറെ പ്രണയജീവിതത്തെ ആത്മാവിൻറെ ആഖ്യാനംകൊണ്ട് ഇഴപിരിക്കുകയാണ് കലേഷ്. നിറമുള്ള പ്രണയവും, പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതവും, ഫാന്റസിയാകുന്ന മരണവും, ഇഴപിരിച്ചു തന്നെയാണ് കലേഷ് തന്‍റെ കവിതയിൽ വരച്ചിടുന്നത്. അതികാല്പനികതയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് വായനക്കാരനെ ഒപ്പംനടത്തുന്ന Poetic Brilliance ൽ അത്രമേല്‍ അപൂർവ്വമായ മലയാള കവിതാശാഖയിലെ ശ്രമം എന്ന് തന്നെ ഇതിനെ വിളിക്കാന്‍ മടിക്കേണ്ടതില്ല. പ്രണയം, കാല്‍പ്പനികവും, മൂര്‍ത്തവുമായ മനോഹര ജീവിതാവസ്ഥയും, പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതം അതായി ആ നിലയില്‍ത്തന്നെയും അസ്ഥിത്വം ആര്ജ്ജിക്കുന്നതാണ് കവിതയിൽ കാണുന്ന കാഴ്ച.

ഒരു പക്ഷേ, പ്രണയത്തെക്കുറിച്ച് ഈ കവിത ഒന്നും പറയുന്നില്ല. ആ നിലയില്‍ ഇതൊരു പ്രണയകവിതയല്ല. മറിച്ച്, മരണമാണ് ഭാവം. മരവിക്കപ്പെടുന്ന ജീവിതഭാവങ്ങളുടെ വേപഥു മരണാന്തരവും അനുഭവവേദ്യമാകുന്ന അപൂർവ്വതകൂടിയാണീ കവിത. അങ്ങിനെയാണ് മരണത്തിന് മുൻപുണ്ടായിരുന്ന ഇവരുടെ അനുഭവങ്ങളെ ആഖ്യാതാവിൻ്റെ ആത്മാവിന്റെ ഓർമ്മകളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. ആ കാഴ്ചകളിൽ –

വീട്, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്, വെളുപ്പ്, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട് തൊടാനാകില്ലല്ലോ…

എന്ന് പറയുന്നുവെങ്കിലും, വഴിവക്കുകളിൽ അവർക്ക് അലസം നിൽക്കാനാവുന്നുണ്ട്, ബസ് സ്റ്റോപ്പുകളിൽ കാത്തുനിന്നിരുന്ന പഴങ്കഥകൾ അയവിറക്കാനാവുന്നുണ്ട്, അവസാനമായി കണ്ടുപിരിഞ്ഞയിടങ്ങളിലെ മാറ്റങ്ങളെ കൗതുകത്തോടെ തിരഞ്ഞുപിടിക്കാനാവുന്നുണ്ട്. മക്കൾ പഠിച്ച കലാശാലകളും, അവരുടെ മക്കൾ പഠിച്ച പ്ളേ സ്‌കൂളുകളും മരണത്തിൻറെ മരവിപ്പിലും കാണുന്ന മായാക്കാഴ്ചയായിക്കൊണ്ട് ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം അവർക്ക് മാറിമാറി പുതുക്കിപ്പണിയാനാകുന്നുണ്ട്.

ജീവനറ്റ ശരീരത്തെ ശവക്കട്ടിലിൽ ഉപേക്ഷിച്ചു, പ്രിയപ്പെട്ടവളുടെ അവസാന നിശ്വാസങ്ങൾ തേടിപ്പോയവൻ, തൻ്റെ തൊടിയിൽ ശരീരത്തെ സംസ്ക്കരിച്ചതും, ചെയ്തുപോയ പൊള്ളയും ശൂന്യവുമായ കാര്യങ്ങള്‍ സംസാരിച്ച് ആളുകൾ ഇപ്പോഴും വീട്ടുമുറ്റത്തുണ്ടെന്നതും ഏതോ ഇന്ദ്രിയംകൊണ്ടറിയുന്നുണ്ട്. അപ്പോഴാണ് ആത്മാവിന്റെ സ്പർശരേണുക്കളിൽ ഇവിടെയും തുടങ്ങാൻ വെമ്പുന്ന സംസ്കാരക്രിയകളെ തിരിച്ചറിയുന്നത്. എന്റെമാത്രമെന്റെമാത്രമെന്നയാൾ ആവർത്തിച്ചുരുവിട്ടു സ്വന്തമാക്കിയെന്നു വൃഥാ കരുതിയിരുന്ന ശരീരത്തെയും ശവക്കുഴിക്കുള്ളിലേക്ക് ഒറ്റക്കെടുക്കുമ്പോൾ, മരിച്ചടക്കപ്പെട്ടെങ്കിലും ആ ഒറ്റയ്ക്കുപോന്ന പോക്ക്കണ്ട് അലറിവിളിക്കാതിരിക്കാനാവില്ലതന്നെ.

പിന്നെപ്പിന്നെ അവരറിയാതെ കാലങ്ങൾ പൊയ്‌പ്പോകും, ഇടയ്ക്കിടെ നാട്ടിലേക്ക് തിരിച്ചുപോയി മണ്ണിനടിയിലൂടെ അവൻ അവളുടെ മുഴിമുറിയിലേക്കുതന്നെ നീന്തിത്തുടിച്ചു തിരിച്ചുവരും. വർഷം പിളർന്നുപെയ്യുകയും, പുല്ലുകൾ വളർന്നുപുളയുകയും ചെയ്യും. ശരീരത്തിനും ശാരീരത്തിനുമപ്പുറം ആത്മാവിൻറെ ഓർമ്മകൾ ചങ്ങലകൾ പൊട്ടിച്ചു അനശ്വരമാകും.

ഈ കവിതയിൽ ജീവിതത്തിൽ കണ്ട സ്വപ്‌നങ്ങൾ ഉതിർന്ന് വീണ് ആയാളുടെയാകാശത്ത് നക്ഷത്രങ്ങളായി തെളിയുന്നതിൻറെ പ്രകാശവിന്യാസങ്ങൾ കാണാം . ആ നക്ഷത്രങ്ങളുടെ ആകാശ ദ്വീപുകളിലൊന്നിലേക്ക് പ്രിയപ്പെട്ടവളുടെ ആത്മാവിനെയും ഒപ്പംനടത്തിപ്പോകാൻ വെമ്പുന്ന ആൺമനസ്സു കാണാം. അതിനുവേണ്ടി
ഉയിർപ്പിന്റെ ബഹിരാകാശ പേടകത്തിൽ അയാൾനടത്തുന്ന ഓർമ്മകളുംപേറിയുള്ള അസാധാരണ യാത്രകാണാം. മരണത്തിൻറെ മരവിപ്പുകൾകൊണ്ട് ചേലും ചാരുതയുമില്ലാതെ നിറംകെട്ട അയാളുടെ ആത്മാവിൻറെ ആകാശ ദ്വീപിലേക്ക് അവളും ഗഗനചാരിയാകുന്നു. അനാദിയായ, ക്ലിപ്തതയും, കൃത്യതയുമില്ലാത്ത അഭൗമസ്ഥലരാശിയിൽ അവർ ഉതിർന്നുവീഴുന്നതിന്റെ നിസ്സഹായത വായനക്കാരിലേക്കും വേദനയായി പടരുന്ന മാന്ത്രികതയും ഈ കവിതയിലുണ്ട്.

ഒരു ദരിദ്രയുവാവിൻറെ ജീവിതാനുഭവങ്ങളുടെ ആഖ്യാന ആൺവഴികളിലൂടെയാണ് ഈ കവിതയുടെ സഞ്ചാരം. കാരണം ഓരോ വരികളും ഒരു ആണനുഭവത്തിന്റെ ആഖ്യാനപരിസരങ്ങളാണ് അടയാളപ്പെടുത്തുന്നത്. വിജനമായ ഒഴിവിടങ്ങളില്‍ അമരുകയും, കെട്ടിപ്പുണരുകയും കടന്നുപിടിക്കയും ചെയ്യുന്ന പുല്‍നാമ്പുകളുടെ കാഴ്ചകളും പിന്നിട്ട്, തീപിടിച്ച കാലുകളുള്ള ആത്മാവുകൾ യാത്ര തുടരുമ്പോൾ, അവസാനമായി തിരിഞ്ഞുനിന്ന് കവി ചോദിക്കുന്നു –

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?!