സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി; പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്

single-img
3 December 2018

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോംഗോ പനിക്കു രോഗി ചികിൽസയിൽ എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു ചികിൽസിക്കുന്നത്. നിലവിൽ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല. ദുബായിൽ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്നു നൽകിയ വിശദീകരണം.

‘സാംപിൾ നെഗറ്റീവ് എന്ന പരിശോധനാ ഫലവുമായാണ് ഇദ്ദേഹം വിമാനം കയറിയത്. കഴിഞ്ഞ ദിവസം മൂത്രാശയ അണുബാധയ്ക്കാണ് ചികിൽസ തേടിയെത്തയപ്പോൾ രേഖകളിൽ കോംഗോ പനി വന്നയാൾ എന്നു കണ്ടതോടെ നിയമപരമായി ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫിസിൽ അറിയിച്ചു. സാംപിൾ വീണ്ടുമെടുത്ത് മണിപ്പാലിലെ ലാബിലേക്ക് തിങ്കളാഴ്ച അയച്ചു. നെഗറ്റീവ് ആണെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കിയശേഷം ആശുപത്രി വിടും. അതുവരെ ഒറ്റയ്ക്കൊരു മുറിയിലാക്കിയിരിക്കുകയാണ്.

ഈ രോഗിയുമായി ഇടപെട്ട ആശുപത്രി ജീവനക്കാരെയും രോഗിയുടെ ബന്ധുക്കളെയും നിരീക്ഷിക്കുന്നുണ്ട്. വായുവിലൂടെ രോഗം പകരില്ല. രക്തത്തിലൂടെയോ സ്രവത്തിലൂടെയോ മാത്രമേ പകരുകയുള്ളു. അതിനാൽ ഭയപ്പെടേണ്ട കാര്യങ്ങളില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.

എന്താണ് കോംഗോ പനി?

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. നൈറോവൈറസ് (Nairo virus) കുടുംബത്തില്‍പ്പെട്ട ബുനിയവൈരിടായ് വൈറസ് (Bunyaviridae virus) ആണ് കോംഗോ പനിക്ക് കാരണമാവുന്നത്.

ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

കോംഗോ പനി എങ്ങനെ പടരുന്നു?

കന്നുകാലികളിലും ആടുകളിലുമാണ് കോംഗോ പനിക്ക് കാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. രോഗം വായുവിലൂടെ പകരില്ലെന്നും രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ലക്ഷണങ്ങള്‍

കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍ പോക്സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തില്‍ കലാശിക്കുന്നതും.

രോഗം എങ്ങനെ നിര്‍ണയിക്കാം?

എലിസ(ELISA) , ഇഐഎ (EIA)എന്നീ രക്ത പരിശോധനകളിലൂടെ ഈ വൈറസിന്റെ ആന്റിബോഡി കണ്ടെത്തി രോഗം നിര്‍ണയിക്കാം. പക്ഷെ, ആറാം ദിവസം മുതലേ രക്തത്തില്‍ ആന്റിബോഡി കാണപ്പെടുകയുള്ളൂ.രോഗിയുടെ രക്തം അല്ലെങ്കില്‍ പേശി സാമ്പിള്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം.

സുരക്ഷിതവും ഫലപ്രദവും ആയി ഉപയോഗിക്കാന്‍ സാധ്യമാവുന്ന തരത്തില്‍ ഒരു പ്രതിരോധ മരുന്ന് ഇതുവരെ കോംഗോ വൈറസിനെതിരെ കണ്ടെത്തിയിട്ടില്ല.

എങ്ങനെ പ്രതിരോധിക്കാം?

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം.

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും. കന്നുകാലികളെയും മറ്റും പാലിക്കുന്നവര്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണം.