രാജസ്ഥാനിൽ ബിജെപിക്ക് മികച്ച വിജയം പ്രവചിക്കുന്ന സർവേ വ്യാജമെന്ന് ബിബിസിയും

single-img
3 December 2018

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം പ്രവചിക്കുന്ന ബിബിസിയുടേതെന്ന പേരിൽ പ്രചരിക്കുന്ന സർവേ വ്യാജം. നവംബറിൽ ബിബിസി നടത്തിയ സർവേയിൽ നിന്നും ബിജെപി 135 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എന്നാൽ സർവേ വ്യാജമാണെന്നും തങ്ങൾ ഇത്തരത്തിലൊന്ന് നടത്തിയിട്ടില്ലെന്നും ബിബിസി വക്താവ് പറഞ്ഞു.

ബിബിസി ഇത്തരത്തിലുള്ള പ്രീ–ഇലക്ഷൻ സർവേകൾ ഇന്ത്യയിൽ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ മുതലുള്ള സർവേ ഫലങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ജൂണിൽ കോൺഗ്രസിന് 160 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ബിജെപിയുടെ സീറ്റ് നില ക്രമാനുഗതമായി ഉയർന്ന് നവംബറിൽ 135 ലേക്കെത്തി എന്നാണ് സർവേ സമർത്ഥിക്കുന്നത്.

ഇതേ കണക്കുകൾ റിഷി ബഗ്രി എന്നയാള്‍ ട്വിറ്റ് ചെയ്തിട്ടുമുണ്ട്. ഇയാളുടെ ട്വീറ്റ് 2,000 പേരാണ് റീട്വീറ്റ് ചെയ്തത്. ബിബിസി ലോഗോ സഹിതം നിരവധി പേർ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ട്വിറ്ററിലും സർവേ ഈ വ്യാജ സർവേ പ്രചരിപ്പിച്ചിരുന്നു.

ഇത്തവണത്തെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് ഒപ്പീനിയൻ പോളുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. എബിപി ന്യൂസ്, സി വോ‍ട്ടർ, ടൈംസ് നൗ എന്നിവരാണ് ഈ സർവേകൾ സംഘടിപ്പിച്ചത്.