രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി ബി.ജെ.പി: കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 1000 കോടിയിലധികം രൂപ

single-img
3 December 2018

രാജ്യത്തെ ഏറ്റവുംസമ്പന്നമായ പാർട്ടി ബി.ജെ.പി. കഴിഞ്ഞ സാമ്പത്തികവർഷത്തെ (2017-18) പാർട്ടിയുടെ വരുമാനം 1000 കോടിയിലധികം രൂപയാണ്. ഏറ്റവുമധികം വരുമാനമുണ്ടാക്കിയ രാഷ്ട്രീയപ്പാർട്ടിയും ബി.ജെ.പി.യാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ബി.ജെ.പി. സമർപ്പിച്ച വാർഷിക കണക്കിലാണ് ഈ വിവരമുള്ളത്.

ആകെയുള്ള 222 കോടി രൂപയുടെ തിരഞ്ഞെടുപ്പുബോണ്ടുകളിൽ 95 ശതമാനവും ബി.ജെ.പി.ക്കാണ്. തങ്ങളുടെ സാമ്പത്തിക ഇടപാട് മുഴുവൻ സുതാര്യമാക്കാൻ പാർട്ടി ശ്രമിച്ചിട്ടുണ്ടെന്നും അതാണ് വരുമാനം കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്നും ബി.ജെ.പി. വക്താവ് ഗോപാൽ അഗർവാൾ പറഞ്ഞു. മറ്റുപാർട്ടികൾ വരുമാനം കള്ളപ്പണമായാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അഗർവാൾ ആരോപിച്ചു.

കോൺഗ്രസും എൻ.സി.പി.യും ഇതുവരെ റിട്ടേൺ സമർപ്പിച്ചിട്ടില്ല. മറ്റു നാലുദേശീയരാഷ്ട്രീയപ്പാർട്ടികളും വരുമാനത്തിൽ വർധനയുണ്ടാക്കി. മായാവതിയുടെ ബി.എസ്.പി. 681 കോടിരൂപയിൽനിന്ന് (2016-17) വരുമാനം 717 കോടിയിലെത്തിച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 262 കോടിയിൽനിന്ന് 291 കോടിരൂപയായും വരുമാനം ഉയർത്തി.

രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെ വരുമാനവും വർധിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ വരുമാനം 104 കോടിയാണ്. ബി.ജെ.പി.യുടെ ആകെ വരുമാനത്തിന്റെ പത്തുശതമാനം മാത്രമാണിത്. സി.പി.ഐ.യുടെ വരുമാനം 1.5 കോടിരൂപ മാത്രമാണ്.