ബിഗ്ബോസിൽ സൽമാൻ ഖാൻ ശാസിച്ചു; ദേഷ്യം നിയന്ത്രിക്കാനായില്ല, തല ചുമരിലിടിച്ച് ശ്രീശാന്ത് ആശുപത്രിയിൽ

single-img
3 December 2018

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കി മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഷോയില്‍ ഒരു ടാസ്‌കില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ശ്രീശാന്തിനെ ബിഗ് ബോസ് വിടാന്‍ പ്രേരിപ്പിച്ചത്. ഷോ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദേഷ്യം വന്നാല്‍ അത് മറച്ചുവയ്ക്കുന്ന സ്വഭാവം ശ്രീശാന്തിനില്ല.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരു സംഭവമുണ്ടായി. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. ഷോയു‌ടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

തുടർന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകർ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.
‘‘ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഞാൻ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി’’– ഭുവനേശ്വരി ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് വിവാദത്തിലാവുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയായ ഝലക് ധികലാജായുടെ സെറ്റില്‍ നിന്ന് ശ്രീശാന്ത് ഇറങ്ങിപ്പോയിരുന്നു. റിയാലിറ്റി ഷോയുടെ സീസണ്‍ സെവനിലാണ് ശ്രീശാന്ത് പങ്കെടുത്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം.