ഒടുവിൽ ആ 500 കി.ഗ്രാം ഭാരമുളള നരഭോജിയെ പിടികൂടി

single-img
3 December 2018

ഫിലിപ്പീന്‍സില്‍ നരഭോജിയായ മുതലയെ പാരിസ്ഥിതിക അതോറിറ്റിയായ പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് പിടികൂടി. 15.6 അടി നീളവും 500 കി. ഗ്രാമോളം ഭാരവും ഉള്ള മുതലയെയാണ് പിടികൂടിയത്. ഫിലിപ്പീൻസിൽ ഉള്ള ബലാബാക്ക് ദ്വീപിൽ വെച്ച് ഒരു മത്സ്യത്തൊഴിലാളിയെ മുതല കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. ശനിയാഴ്ച്ചയാണ് മുതലയെ പിടികൂടിയത്. വനംവകുപ്പ് അധികൃതരും സഹായത്തിന് എത്തിയിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ മുതലയെ പ്യുയെര്‍ട്ടോ പ്നിന്‍സെസാ നഗരത്തിലെ വന്യജീവി സങ്കേതത്തില്‍ എത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബര്‍ 28 ബുധനാഴ്ച്ചയാണ് 33കാരനായ കോര്‍ണെലിയോ ബൊണെറ്റെ എന്ന മത്സ്യത്തൊഴിലാളിയെ രണ്ട് കൈയ്യും കാലുകളും ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിൽ ബലാബാക്കിൽ നിന്നും കണ്ടെത്തിരുന്നു. ഇയാളുടെ ദേഹത്ത് മുതല കടിച്ച പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

ഇതേ രീതിയിൽ പ്രദേശത്ത് വെച്ച് 16കാരനായ വിദ്യാര്‍ത്ഥി മുതലയുടെ ആക്രമണത്തിന് ഇരയായിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. മുതലകൾ ധാരാളമുള്ള തടാകത്തിൽ പോവരുതെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് കണക്കിലെടുക്കാറില്ലെന്ന് ബാല്‍ബാക്കിലെ വനം വകുപ്പ് അധികൃതർ പറയുന്നു.