എയര്‍പോര്‍ട്ട് മാതൃകയില്‍ സംസ്ഥാനത്തെ ആദ്യ ബസ്‌പോര്‍ട്ട് തിരുവനന്തപുരത്ത്

single-img
3 December 2018

ന്യൂഡൽഹി: എയർപോർട്ട് മാതൃകയിൽ രാജ്യമൊട്ടുക്കും ബസ്‌പോർട്ടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് റോഡ് ഗതാഗതമന്ത്രാലയം അന്തിമരൂപം നൽകി. കേരളവും ഇതിൽ പങ്കാളിയാകും.തിരുവനന്തപുരം വിമാനത്താളത്തിനടുത്ത് ഈഞ്ചക്കലിൽ, ദേശീയപാതയ്ക്കരികെ കെ.എസ്.ആർ.ടി.സി.യുടെ അഞ്ചരയേക്കർ സ്ഥലമാണ് ഇതിനുപയോഗിക്കുക.ഗതാഗതമന്ത്രാലയത്തിന് കീഴിലുള്ള നാഷ്ണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷനാണ് പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചുമതല.

നിര്‍മ്മാണ ചിലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. 60 ശതമാനം പൊതു സ്വകാര്യ പങ്കാളിത്തതോടെ കണ്ടെത്തണം. പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. റോഡ് ഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിലെ ബസ് സ്‌റ്റേഷനുകള്‍ വികസിപ്പിക്കുകയോ, പുതിയപോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയോ ചെയ്യാം.

പോര്‍ട്ടിന്റെ പണി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബസ് പോര്‍ട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ബസുകള്‍ക്കും പ്രവേശനം നല്‍കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പോര്‍ട്ടുകള്‍ നിര്‍മ്മിക്കുക.