ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്; കാണിക്ക വരുമാനവും അപ്പം, അരവണ വില്‍പ്പനയും കുറഞ്ഞു

single-img
2 December 2018

ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 31 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉള്ളത്. ഈ വര്‍ഷത്തെ തീര്‍ഥാടനകാലത്തെ ആദ്യ 13 ദിവസങ്ങളില്‍ ആകെ 19.37 കോടി രൂപയാണ് വരുമാനം.

കഴിഞ്ഞവര്‍ഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു. കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയം കാണിക്കവരുമാനം മാത്രം പതിനേഴ് കോടി രൂപയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ആദ്യ 13 ദിവസങ്ങളില്‍ ഒമ്പത് കോടി രൂപ മാത്രമാണ് കാണിക്ക വരുമാനത്തിലൂടെ ലഭിച്ചത്.

അരവണ വരുമാനത്തിലും ഇത്തവണ വന്‍ ഇടിവാണ്. കഴിഞ്ഞവര്‍ഷം ആദ്യ 13 ദിവസങ്ങളില്‍ 21 കോടി രൂപ അരവണ വരുമാനമായി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ വെറും ഏഴ് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, അപ്പം വില്‍പന കുറഞ്ഞതും വരുമാനം കുറയാന്‍ ഇടയാക്കി.