രാമക്ഷേത്ര നിര്‍മാണത്തിന് ഡല്‍ഹിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് നുറോളം പേര്‍ മാത്രം: പ്രതീക്ഷിച്ചത് ഒരു ലക്ഷത്തോളം ആളുകളെ

single-img
2 December 2018

ആര്‍.എസ്.എസിന്റെ തന്നെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് ഡല്‍ഹിയില്‍
സങ്കല്‍പ രഥയാത്ര എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. ഡല്‍ഹി ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്ന് ആരഭിച്ച സങ്കല്‍പ രഥയാത്ര ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. രഥയാത്ര അവസാനിക്കുന്നത് ഡിസംബര്‍ ഒമ്പതിന് രാംലീല മൈതാനത്താണ്.

ഒരുലക്ഷത്തിനടുത്ത് ആളുകള്‍ എത്തുമെന്നായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പങ്കെടുത്തത് നുറോളം പേര്‍ മാത്രം. നവംബര്‍ 25 ന് അയോധ്യയില്‍ വിശ്വഹിന്ദുപരിഷത്തും ശിവസേനയും സംഘടിപ്പിച്ച റാലിയില്‍ ലക്ഷത്തോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് ഭരണ സിരാകേന്ദ്രത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം വലിയതോതില്‍ കുറഞ്ഞത്.

അതേസമയം യാത്ര തുടങ്ങിയ സ്ഥലത്തുനിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തതെന്നും ഓരോ സ്ഥലത്ത് എത്തുന്നതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ രഥയാത്രയുടെ ഭാഗമാകുമെന്നുമാണ് സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി പറയുന്നത്. ഡിസംബര്‍ ഒമ്പതിന് രാംലീല മൈതാനിയില്‍ രഥയാത്ര അവസാനിക്കുമ്പോള്‍ ആറുമുതല്‍ എട്ടുലക്ഷം വരെ ആളുകള്‍ എത്തുമെന്നും കമല്‍ തിവാരി അവകാശപ്പെട്ടു.

സുപ്രീം കോടതി അയോധ്യാ കേസ് വൈകിപ്പിക്കുകയാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടന്ന് ഓര്‍ഡിനന്‍സിലൂടെ ക്ഷേത്രനിര്‍മാണത്തിന് അനുകൂല സാഹചര്യമൊരുക്കണമെന്നുമാണ് തീവ്ര വലതു സംഘടനകളുടെ ആവശ്യം.