പ്രമോദ് രാമന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി

single-img
2 December 2018

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യാ പസില്‍’ എന്ന ചെറുകഥ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് പറഞ്ഞ് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രമോദ് രാമന്‍ പറയുന്നു.

പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിച്ചുവെന്നും പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ചെന്ന് പ്രമോദ് രാമന്‍ പറഞ്ഞു. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സര്‍ക്കാരിനെ, സംഘ്പരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് പ്രമോദ് രാമന്റെ ഇന്ത്യാ പസില്‍ എന്ന കഥ.

നിരവധി രാഷ്ട്രീയ വായനകള്‍ക്ക് സാധ്യതയുളള കഥാപരിസരവും കഥാപാത്രങ്ങളെയുമാണ് ഇന്ത്യാ പസിലിലൂടെ പ്രമോദ് രാമന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ഖാന്റെ പേരിനോട് സാമ്യമുളളതാണ് കഥയിലെ ഡോ. കഫീല്‍. ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്.

നേരത്തെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെയും എഴുത്തുകാരനെതിരെയും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ ഹരീഷ് പിന്‍വലിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലതിതിലായിരുന്നു നോവല്‍.