‘യുഎഇയുടെ 700 കോടിക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായവും മോദിസര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചു’

single-img
2 December 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനത്തോടെ യു.എ.ഇയുടെ 700 കോടി അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്ന പ്രളയ ദുരിതാശ്വാസ സഹായം ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.

ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് നന്ദി അറിയിച്ചു. എന്നാല്‍, പിന്നീട് സഹായം വേണ്ടെന്ന് വെക്കുകയും ചെയ്തു. ആ തീരുമാനം എന്തുകൊണ്ടെന്ന് അറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദി വിദേശ സഹായങ്ങള്‍ കൈപ്പറ്റിയതാണെന്നും പിണറായി പറഞ്ഞു.

2500 കോടി കേന്ദ്രസംഘം ശിപാര്‍ശ ചെയ്‌തെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇതേതുടര്‍ന്ന് പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജിനാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്.

ഇക്കാര്യത്തെ കുറിച്ച് ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വര്‍ധനവ് നല്‍കുക, വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്യുക തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രത്തിന്റെ മറുപടിയും ലഭിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.