‘ഒടിയന്‍ കളി തുടങ്ങി’; രജനി ചിത്രം ‘2.0’ യെയും ഷാരൂഖ് ചിത്രം ‘സീറോ’യെയും പിന്നിലാക്കി റിലീസിന് മുന്നേ റെക്കോഡിട്ടു; ചിത്രം 300 കോടിയോളം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
2 December 2018

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയന്‍. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐ.എം.ഡി.ബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒടിയന്‍ ഇപ്പോള്‍ തന്നെ ഒന്നാം സ്ഥാനത്താണ്.

ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ശങ്കര്‍ – രജനി ബ്രഹ്മാണ്ഡ ചിത്രം ‘2.0’ യെയും ഷാരൂഖ് ചിത്രം ‘സീറോ’യെയും പിന്നിലാക്കിയാണ് ഒടിയന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

അതിനിടെ ബോക്‌സോഫീസില്‍ ഒടിയന്‍ 300 കോടിയോളം നേടുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. പുലിമുരുകന്‍ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായം വന്നാല്‍ പോലും 300 കോടിയ്ക്കടുത്ത് കളക്ഷന്‍ നേടുമെന്നുമാണ് അവരുടെ പ്രവചനം.

മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ നേരത്തെ മോഹന്‍ലാല്‍ സമ്മാനിച്ചിരുന്നു. ഒടിയനിലൂടെ അതും മോഹന്‍ലാല്‍ തകര്‍ക്കുമെന്ന് ലാലേട്ടന്‍ ഫാന്‍സും പറയുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒടിയനിലെ ലിറിക്കല്‍ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘കൊണ്ടോരാം…കൊണ്ടോരാം…’എന്ന് ആരംഭിക്കുന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. ഡിജിറ്റലില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കേട്ട മലയാള ഗാനം എന്ന റെക്കോര്‍ഡും ഈ പാട്ടിന് സ്വന്തം. ശ്രേയ ഘോഷാലും സുദീപും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഒടിയന്‍. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, നെടുമുടി വേണു എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ലോകമാകെ 2,000തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 400കേന്ദ്രങ്ങളിലാകും റിലീസ് ചെയ്യുക. കൂടുതല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് സിനിമയുടെ ദീര്‍ഘകാല പ്രദര്‍ശനത്തിന് പ്രതികൂലമാകും എന്ന് കണക്കുകൂട്ടി 400 തീയേറ്ററുകളില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മലയാളത്തിലും ബിഗ് ജജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഒടിയനിലൂടെ സാധിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.