ഇതു വളരെ സങ്കടകരമായ കാര്യമാണ്; ഇത്തരം പ്രവണതകളെ ഞാന്‍ എതിര്‍ക്കുന്നു: തുറന്നടിച്ച് കങ്കണ റണാവത്ത്

single-img
2 December 2018

ചലച്ചിത്രമേഖലയില്‍ അഭിനേതാക്കള്‍ക്ക് മാത്രം എന്തിനാണിത്ര പ്രാധാന്യമെന്ന് നടി കങ്കണ റണാവത്ത്.
കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മണികര്‍ണികയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം ലഭിച്ചില്ലെന്ന പരാതികളോട് പ്രതികരിക്കുകയായിരുന്നു താരം.

മണികര്‍ണിക ദി ക്യൂന്‍ ഒഫ് ഝാന്‍സി എന്ന ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേതനം നല്‍കിയില്ല എന്ന് കേള്‍ക്കുന്നു. ഒക്‌ടോബറിനു മുന്‍പ് പണം നല്‍കാമെന്നു വാഗ്ദാനം നല്‍കിയെങ്കിലും ആര്‍ക്കും ഇതുവരെയും കൂലി നല്‍കിയിട്ടില്ല.

ഇതു വളരെ സങ്കടകരമായ കാര്യമാണ്. ഇത്തരം പ്രവണതകളെ ഞാന്‍ എതിര്‍ക്കുന്നു. നടീനടന്മാര്‍ക്ക് അനാവശ്യ പരിഗണന കൊടുക്കുമ്പോള്‍ ടെക്‌നീഷ്യന്മാരേയും തൊഴിലാളികളേയും എന്തിനു വില കുറച്ച് കാണുന്നു. അതുകൊണ്ട് എനിക്കൊരു ടെക്‌നീഷ്യനാകണം- കങ്കണ പറഞ്ഞു.

ഞാന്‍ സംവിധാനത്തിലേക്കും എഴുത്തിലേക്കും കടക്കുകയാണെങ്കില്‍ ചലച്ചിത്രമേഖലയിലെ ഹീറോസ് ഇവരായിരിക്കും. കങ്കണ പറഞ്ഞു. അതേസമയം, ചിത്രം റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. താന്തിയാ തോപിയായി അതുല്‍ കുല്‍ക്കര്‍ണിയും സദാശിവിന്റെ വേഷത്തില്‍ സോനു സൂഡും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും ചിത്രത്തില്‍ വേഷമിടുന്നു.