മധ്യപ്രദേശില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ല: സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; തിരിമറി നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിനു ബലമേറി

single-img
2 December 2018

മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി കാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിച്ചിരുന്ന സ്റ്റോര്‍ മുറിയിലെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചിരുന്ന കാമറകളാണ് കണ്ണടച്ചത്.

വെള്ളിയാഴ്ച അവിചാരിതമായി വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചത്. ഇവിഎമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു ഇതോടെ ബലമേറി.

തിരിമറി നടത്താനായി ഒരു മണിക്കൂര്‍ നേരെ കാമറ ഓഫ് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്. സാഗറില്‍ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞും സ്‌ട്രോംഗ് റൂമിലേക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എത്തിക്കാതെ വൈകിപ്പിച്ച സംഭവത്തില്‍ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇവിഎമ്മുകള്‍ എത്തിക്കാന്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നവംബര്‍ 30 ന് രാവിലെ 8.19 മുതല്‍ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം കാമറകളും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടിവിയും പ്രവര്‍ത്തന രഹിതമായത്. ഈ സമയം കാമറകളില്‍ റിക്കോര്‍ഡിംഗ് ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഒരു എല്‍ഇഡി ടിവിയും ഇന്‍വെര്‍ട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചതെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

ഓള്‍ഡ് ജയില്‍ കാമ്പസിലെ സ്‌ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ഇലക്ഷന്‍ കമ്മീഷന്‍ ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം ഇവിഎം നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത സ്‌കൂള്‍ ബസിലാണ് കൊണ്ടുപോയത്. ഈ സ്‌കൂള്‍ ബസ് സാഗര്‍ കളക്ടറുടെ ഓഫീസ് വളപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് എംപി വിവേക് താന്‍ഖ ആരോപിച്ചു. മധ്യപ്രദേശില്‍ നവംബര്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.