ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; പ്രതിഷേധക്കാര്‍ പോലീസ് കസ്റ്റഡിയില്‍: മന്ത്രിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു

single-img
2 December 2018

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിപാടി നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ വേദിക്ക് പുറത്തായി നാല് വനിതകള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇത് കാര്യമാക്കാതെ പ്രസംഗം തുടര്‍ന്നു.

നേരത്തെ പരിപാടിക്കായി വരുന്നതിനിടെ ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.

കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം. അതിനിടെ, സംസ്ഥാനത്തു മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഇതു സംബന്ധിച്ച നിര്‍ദേശം ഡിജിപി എല്ലാ ഡിവൈഎസ്പിമാരിലൂടെയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തുക, കാഴ്ചക്കാരായിരുന്ന് വേദിയിലേക്ക് മുദ്രാവാക്യങ്ങളുമായി കയറുക. വാഹനം തടയുക തുടങ്ങിയ സമരപരിപാടികളും ബിജെപി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പൈലറ്റ്/എസ്‌കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.

ഇവയിലെ പൊലീസുകാരുടെ എണ്ണവും കൂട്ടും. ഓരോ സ്റ്റേഷനിലെയും സാഹചര്യമനുസരിച്ചു വേണം പൊലീസിന്റെ എണ്ണം കൂട്ടേണ്ടത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ചെങ്ങന്നൂരില്‍ നിലവില്‍ കനത്ത പൊലീസ് സന്നാഹമാണുള്ളത്. മന്ത്രിമാര്‍ വരുന്ന വഴിയിലെല്ലാം സുരക്ഷ ശക്തമാണ്.