ശബരിമലയിലേക്ക് കടകംപള്ളി വിളിച്ചാല്‍ വരില്ല; മുഖ്യമന്ത്രി വന്നാല്‍ പോകാമെന്ന് ചെന്നിത്തല: പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണു വനിതാ മതിലെന്നും പരിഹാസം

single-img
2 December 2018

പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണു വനിതാ മതില്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണു ചെന്നിത്തലയുടെ വിമര്‍ശനം.

സര്‍ക്കാര്‍ ചിലവില്‍ ഏതാനും സംഘടനകളെ വിളിച്ച് വരുത്തി വനിതാ മതിലെന്ന പേരില്‍ പാര്‍ട്ടി പ്രചാരണം നടത്തുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്ഷേത്രപ്രവേശനത്തിന്റെ വാര്‍ഷികം ഇതുവരെ സര്‍ക്കാര്‍ ആഘോഷിച്ചിട്ടില്ലായിരുന്നു. ഇത്തവണ അതിനായി പൊതുഖജനാവില്‍ നിന്ന് ഒരു കോടിയോളം രൂപ ചിലവഴിച്ചു.

ശബരിമലയില്‍ ഒരു നവോത്ഥാന പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ല. അയിത്തവും അനാചാരവും നിലനില്‍ക്കുന്നില്ല. വനിതാ മതില്‍ പഞ്ചാസാരയില്‍ പൊതിഞ്ഞ പാഷാണമാണ്. യുഡിഎഫ് സമാധാനത്തോടെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റേയും അനാവശ്യ സമരങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇതിനെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ഈ മാസം അഞ്ചിന് സായാഹ്ന ധര്‍ണ്ണ നടത്തും. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ല, മുഖ്യമന്ത്രിക്കൊപ്പം വേണമെങ്കില്‍ പോകാമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇതുവരെ പമ്പയില്‍ പോയിട്ടില്ല. അദ്ദേഹം വരികയാണെങ്കില്‍ ഞാനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു.

അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്കുള്ള യാത്രയാണ് ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരം. ഒരു ദിവസം പറയും സമരം പിന്‍വലിച്ചെന്ന്, മറ്റൊരു ദിവസം പറയും യുവതീ പ്രവേശനമല്ലെന്ന്. ഇടക്ക് പറയും യുവതീ പ്രവേശനമാണെന്ന്. എന്തിനാണ് സമരമെന്ന് പോലും അവര്‍ക്കറിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഒരു പരിക്കും ഉണ്ടായിട്ടില്ല. പ്രദേശിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ സീറ്റ് നഷ്ടപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം വനിതാ മതിൽ.കേരളത്തെ രണ്ടായി തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം

Posted by Ramesh Chennithala on Saturday, December 1, 2018