നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താന്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് പോലീസ്

single-img
2 December 2018

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ബിജെപി സംഘം നിരോധനാജ്ഞ ലംഘിക്കാനെത്തുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് നിലയ്ക്കലിലും പരിസര പ്രദേശത്തും വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. എസ്പി മജ്ഞുനാഥ് നേരത്തെ ഇവിടെയെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

അറസ്റ്റുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാവില്ലെന്ന് അറസ്റ്റിലായ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരുദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതിനിടെ ശബരിമലയില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താന്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍.

പൊലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കയ്യോടെ പിടിക്കനാണ് സര്‍ക്കാര്‍ ഒന്നര കോടി രൂപ മുടക്കി എരുമേലിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അനുമതിയില്ലാതെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കോടതിയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കുമെന്നതിനാലാണ് പൊലീസിന്റെ പുതിയ നീക്കം.

എരുമേലിയില്‍ കൊരട്ടിപാലം മുതല്‍ 36 ക്യാമറകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി തിരിയുന്ന 12 ക്യാമറകള്‍, 24 ബുള്ളറ്റ് ക്യാമറകള്‍ എന്നിവയാണ് എരുമേലിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 300 മീറ്റര്‍ ദൂരത്തേക്ക് സൂം ചെയ്യാന്‍ സാധിക്കുന്ന ആധുനിക ക്യാമറകളാണ് ഇത്.

ഇതുകൂടാതെ പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും എരുമേലിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ക്യാമറിയിലേയും ദൃശ്യങ്ങള്‍ അതാത് സമയത്ത് പരിശോധിക്കാന്‍ എരുമേലി പൊലീസ് സ്റ്റേഷനില്‍ ആധുനിക കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.