യതീഷ് ചന്ദ്രയ്‌ക്കെതിരെ ശശികലയുടെ മകന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു; ക്ഷമ ചോദിച്ച് 25 ലക്ഷം രൂപ നല്‍കണമെന്നാവശ്യം

single-img
1 December 2018

എസ്പി യതീഷ് ചന്ദ്രക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയുടെ മകന്‍ വിജീഷ് വക്കീല്‍ നോട്ടീസയച്ചു. ക്ഷമ ചോദിച്ച് 25 ലക്ഷം രൂപ വേണമെന്ന ആവശ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ വെച്ച് മകനുമായി ചോറൂണിന് പോകുമ്പോള്‍ തന്നെയും കുടുംബത്തെയും യതീഷ് ചന്ദ്ര അപമാനിച്ചെന്നും മാനഹാനിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അഭിഭാഷക ഓഫീസില്‍ നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യതീഷ് ചന്ദ്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അധികാര ദുരുപയോഗത്തിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. തന്നെയും അമ്മ ശശികലയെയും കുറ്റവാളികളായി ചിത്രീകരിച്ചുവെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

നേരത്തെ, പേരക്കുട്ടിയുടെ ചോറൂണിനായി സന്നിധാനത്തേക്ക് പോകാനെത്തിയ ശശികലയെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം തടഞ്ഞിരുന്നു. പിന്നീട് സുരക്ഷയുടെ ഭാഗമായി പൊലീസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പ് വയ്പ്പിച്ച ശേഷം മാത്രമാണ് ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമപ്രകാരം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും, സ്ഥലത്ത് പ്രാര്‍ത്ഥനായജ്ഞങ്ങള്‍, മാര്‍ച്ച് മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസിലാണ് ശശികലയെ കൊണ്ട് ഒപ്പുവയ്പിച്ചത്. തുടര്‍ന്ന് ദര്‍ശനത്തിന് ശേഷം പൊലീസ് നടപടി എന്തിന് വേണ്ടിയാണ് എന്ന് മനസിലാകുന്നില്ലെന്നാണ് കെ പി ശശികല പ്രതികരിച്ചത്. പൊലീസ് ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുന്നു. അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.