ടിക് ടോക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സ്ത്രീകള്‍ സൂക്ഷിക്കുക; ‘അപകടം പതിയിരിപ്പുണ്ട്’

single-img
1 December 2018

ഫെയ്‌സ്ബുക്കും വാട്‌സാപ്പും വിട്ട് യുവതി യുവാക്കള്‍ ഇപ്പോള്‍ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ടോക്കില്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ ലക്ഷ്യമിട്ട് കൗമാര പ്രായക്കാര്‍ ചെയ്തു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും അതിരുവിടാറുമുണ്ട്. കഴിഞ്ഞ ജൂണില്‍ ടിക്‌ടോക്കിന് ആഗോള തലത്തില്‍ 50 കോടി ഉപയോക്താക്കള്‍ ഉണ്ടായിരുന്നു.

അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചെറിയ വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും സാധിക്കുന്ന ആപ്പ് ആയ ടിക്‌ടോക് അവതരിപ്പിച്ചത് 2016ലാണ്. ബെയ്ജിങ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് (ByteDance) എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ടിക്‌ടോക് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ വളരെ പെട്ടെന്നു തന്നെ ഇത് ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. വീഡിയോ പിടിക്കാനും പലതരം എഫെക്ടുകള്‍ നല്‍കാനും അത് വേഗം ആപ്പിലൂടെ ഷെയര്‍ ചെയ്യാനും സാധിക്കുമെന്നത് ആളുകളെ പ്രത്യേകിച്ചും ടീനേജിലുള്ളവരെ ആകര്‍ഷിച്ചു. മറ്റുള്ളവരുടെ അധികം ഇടപെടലില്ലാതെ സ്വന്തം വീഡിയോയും മറ്റും അപ്‌ലോഡു ചെയ്ത് ഹീറോയും ഹീറോയിനുമൊക്കെ ആകാനാഗ്രഹിക്കുന്നവരാണ് ടിക്ടോക് ഇഷ്ടപ്പെടുന്നത്.

പക്ഷേ പ്രശസ്തി കൊതിച്ച് ഇത്തരം വീഡിയോകള്‍ പരസ്യമാക്കുമ്പോള്‍ ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അവര്‍ ആലോചിക്കുന്നതേയില്ല. സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത കാലത്താണ് സ്വന്തം സ്വകാര്യത അപരിചിതര്‍ മാത്രമുള്ള ഒരു വെര്‍ച്വല്‍ ഇടത്തിലേക്ക് സ്ത്രീകള്‍ തുറന്നു കൊടുക്കുന്നത്. അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് തിരിച്ചറിയുമ്പോഴേക്കും അതൊരുപാട് വൈകിപ്പോവുകയും ചെയ്യും.

ടിക്ടോക് വീഡിയോയിലെ ദൃശ്യങ്ങളില്‍ നിന്നെടുക്കുന്ന സ്‌ക്രീന്‍ഷോര്‍ട്ട് ചിത്രങ്ങള്‍ സഭ്യമല്ലാത്ത കുറിപ്പുകള്‍ക്കും സത്യമല്ലാത്ത വാര്‍ത്തകള്‍ക്കുമൊപ്പം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നിരപരാധികളായ പല സ്ത്രീകളുമാണ് ഈ വ്യാജവാര്‍ത്തയുടെ ഇരകളാകുന്നതെന്നുമാത്രം. മോഡലാണെന്ന് ടിക്ടോക്കില്‍ പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെയും കൂടെയുള്ള കുട്ടിയുടെയും ചിത്രം പ്രചരിക്കപ്പെടുന്നത് വിദ്യാര്‍ഥിയെയും കൊണ്ട് ഒളിച്ചോടിയ അധ്യാപിക എന്ന പേരിലാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്നത് ടിക്ടോക് വിഡിയോ വൈറലാകുന്നതിനേക്കാള്‍ വേഗത്തിലാണ്. ചിത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്. ചിലര്‍ ഒരു പടികൂടി കടന്ന് സ്വന്തം കുഞ്ഞുങ്ങളുടെ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. പരിചയമില്ലാത്ത പലരും അത്തരം വീഡിയോകളെടുത്ത് ഡ്യുയറ്റ് ചെയ്യുകയും ചിലപ്പോള്‍ അത്തരം ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്യാറുണ്ട്.