Kerala

കവിതാമോഷണ വിവാദം: ദീപ നിശാന്തിന് കവിത അയച്ചെന്ന് പരോക്ഷ സൂചന നല്‍കി ശ്രീചിത്രന്‍

കവിതാമോഷണ വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന്‍ രംഗത്ത്. ദീപ നിശാന്തിന് കവിത അയച്ചുനല്‍കിയെന്ന് ശ്രീചിത്രന്‍ പരോക്ഷമായി സമ്മതിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ അയച്ച കവിത ഇങ്ങനെ വരുന്നത് ദൗര്‍ഭാഗ്യകരമാണ്. മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് ആര്‍ക്കും കവിത നല്‍കിയിട്ടുമില്ല. കലേഷ് ഇപ്പോള്‍ അനുഭവിക്കുന്ന വിഷയത്തില്‍ ഖേദമുണ്ടന്നും, കലേഷിനോട് മാപ്പ് പറയുന്നുവെന്നും ശ്രീചിത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീചിത്രന്റെ പോസ്റ്റിന്റെ പൂര്‍ണരുപം

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയില്‍ അകപ്പെട്ട പ്രതീതിയില്‍ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിര്‍ത്തുന്നു. സ്ഥിരമായി കവിതാസംവാദങ്ങള്‍ നടക്കുന്ന മുന്‍പുള്ള സമയത്ത് പലര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം.

അതിത്ര മേല്‍ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതില്‍ നിന്നൊരു കവിതയിപ്പോള്‍ ഒരു സര്‍വ്വീസ് മാഗസിനില്‍ വരാനും, അതില്‍ തട്ടിത്തടഞ്ഞ് ഒടുവില്‍ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതില്‍ ആരെയും അധിക്ഷേപിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തുക്കള്‍ക്കിടയില്‍ അയക്കപ്പെട്ട ഒരു കവിത, കാലങ്ങള്‍ക്കു ശേഷം ഒരു സര്‍വ്വീസ് മാഗസിനില്‍ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നല്‍കാറില്ല, അങ്ങനെ നല്‍കാനായി പറഞ്ഞു കൊണ്ട് കവിത ആര്‍ക്കും നല്‍കിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല കവിത മറ്റൊരാളുടെ പേരില്‍ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോള്‍ സ്പഷ്ടമായി പറയാന്‍ ഞാന്‍ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു.

ഇന്നലെ വരെ പുകഴ്ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് ഇന്നലെയും ഇന്നും ഞാന്‍ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലില്‍ തുടച്ചും ഇടം കാലിലെ ചളി വലം കാലില്‍ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകള്‍ എണ്ണാന്‍ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്.

നാമോരോരുത്തര്‍ക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകള്‍ക്ക് തയ്യാറാവുന്ന, പലതരം അപകര്‍ഷങ്ങളില്‍ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യന്‍ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാല്‍ തന്നെ, എത്ര പുകഴ്ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂര്‍ണ്ണമായും പോയതിനു ശേഷമുള്ള പ്രവര്‍ത്തനവും കാലവുമാണ് ഇന്ന് കേരളം വര്‍ഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊര്‍ജം നല്‍കിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസമായി തെരുവുകളില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിര്‍വഹിക്കപ്പെട്ടു. കൂടെച്ചേരാന്‍ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിെനാപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തില്‍ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തില്‍ അവയെല്ലാം തകരുന്നെങ്കില്‍ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തില്‍ മറ്റനേകം പഴയ കാര്യങ്ങള്‍ വീണ്ടും പൊങ്ങി വന്നു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അര്‍ദ്ധസത്യങ്ങളും നുണകളും കലര്‍ന്നൊരു സത്യാനന്തര ലോകത്ത് ആ ചര്‍ച്ചകള്‍ക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എല്‍പ്പിക്കുന്ന ആഘാതങ്ങള്‍ നേരിടുന്നു. സന്ദര്‍ഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഏറ്റവും ആത്മാര്‍ത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കല്‍ക്കൂടി മാപ്പു പറയുന്നു.