വീട്ടില്‍ നിന്നു വഴക്കിട്ടു പോയ ഭാര്യയെ ‘പാഠം പഠിപ്പിക്കാനായി’ മൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു: 25 കാരനായ പിതാവ് അറസ്റ്റില്‍

single-img
1 December 2018

ന്യൂഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലാണു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭാര്യയുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ 25 കാരന്‍ സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബുധനാഴ്ച്ച ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മര്‍ദ്ദിച്ചു. ഇതോടെ ഭാര്യ പിണങ്ങി ബന്ധുവീട്ടിലേക്ക് പോയി. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയോടുള്ള പക തീര്‍ക്കാന്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അടുത്ത ദിവസം തിരിച്ചെത്തിയ ഭാര്യ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ്. ഉടനെ ഇവര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചുള്ള പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നത് തെളിഞ്ഞത്.

പെണ്‍കുട്ടി ഇവിടെ ചികിത്സയിലാണ്. ഒളിവിലായ പിതാവിനെ ഇന്നലെ രാവിലെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ജ് സ്വദേശിയാണ് പിടിയിലായ ആള്‍.