രാഖി കരഞ്ഞുകൊണ്ട് കോളേജില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പോലും തടഞ്ഞില്ല; കൊല്ലം ഫാത്തിമാ മാതാ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
1 December 2018

ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. രാഖി കോളേജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓടിയിറങ്ങിയ രാഖിയെ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചില്ല.

രാഖി എങ്ങനെയാണ് പുറത്തേക്ക് പോയതെന്ന് അറിയില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. സ്വാഭാവികമായും ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിയോടുമ്പോള്‍ അത് അന്വേഷിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്.

ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ബുധനാഴ്ച്ചയാണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്‌ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നും ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. തുടര്‍ന്ന് അധ്യാപകര്‍ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ചു രാഖിയെ ശകാരിച്ചുവെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം.

സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപികയുടെയും പരീക്ഷാ സ്‌ക്വാഡില്‍ ഉള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തു. രാഖി കൃഷ്ണയുടെ കുടുംബാംഗങ്ങളില്‍ നിന്നു അടുത്ത ദിവസങ്ങളില്‍ പൊലീസ് മൊഴി എടുക്കും. ഇതിനു േേശഷമെ മറ്റു വകുപ്പുകള്‍ കൂട്ടിചേര്‍ക്കണമോ എന്നു തീരുമാനിക്കുകയുള്ളു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് ഏഴംഗ സമിതിയെ നിയോഗിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാന് പുറമേ രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിരമിച്ച അധ്യാപകന്‍ എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ കമ്മിഷന്‍ അടുത്ത ആഴ്ച്ച ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച കോളേജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

രാഖി കൃഷ്ണ കോളേജില്‍നിന്ന് ഇറങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലത്തെ പെണ്‍കുട്ടി കോളേജില്‍നിന്ന് ഇറങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍.

Posted by Mathrubhumi on Saturday, December 1, 2018